നിര്‍മ്മല സീതാരാമനോട് രാജിവെയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് പ്രഥ്വിരാജ് ചവാന്‍

പൊതുബജറ്റിന് മുന്നോടിയായുളള ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നടക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. നിര്‍മ്മല സീതാരാമന്റെ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തുഷ്ടനല്ലെങ്കില്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രാലയത്തിന്റെയും ധനമന്ത്രിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പൊതു ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുക. ബജറ്റിനു മുന്നോടിയായി 13 ഓളം ചര്‍ച്ചകളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. എന്നാല്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചകളില്‍ ഒന്നില്‍ പോലും ധനമന്ത്രി ക്ഷണിതാവായിരുന്നില്ലെന്ന് ചവാന്‍ ആരോപിച്ചു.

സീതാരാമനെ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് മുഴുവന്‍ ധനകാര്യ മന്ത്രാലയ ജീവനക്കാരെയും നിരാശപ്പെടുത്തും. പ്രധാനമന്ത്രി ധനമന്ത്രാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായാണ് തോന്നുന്നത്. ബജറ്റ് പ്രസംഗം ധനമന്ത്രി നടത്തുമെങ്കിലും, അത് പ്രധാനമന്ത്രിയുടേതായിരിക്കുമെന്നും ചവാന്‍ പറഞ്ഞു.

“”വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. അതിനാല്‍ ആളോഹരി വരുമാനം മെച്ചപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. അത്തരമൊരു അവസ്ഥയില്‍ അഞ്ച് ട്രില്ല്യണ് സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം കയ്യെത്തി പിടിക്കാവുന്നതല്ലെന്നും ചവാന്‍ പറഞ്ഞു.

നേരത്തേ നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ബിബെക് ദെബ്രോയ്, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവരും പങ്കെടുത്ത യോഗത്തില്‍ നിര്‍മ്മല സീതാരാമന്റെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു