യു. പിയിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭിച്ചത് മുസ്ലിങ്ങൾക്ക്, സർക്കാർ ആരോടും വിവേചനം കാണിക്കാറില്ല : യോഗി ആദിത്യനാഥ്

‘ഞങ്ങള്‍ 25 ലക്ഷം വീടുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അവയെല്ലാം ഹിന്ദുക്കള്‍ക്കല്ല ലഭിച്ചത്. യു പിയിലെ മുസ്‌ലിം ജനസംഖ്യ 18 ശതമാനം ആണ്, എന്നാൽ 30-35 ശതമാനം വീടുകള്‍ മുസ്‌ലിങ്ങള്‍ക്കാണ് ലഭിച്ചത് – യു പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്ന്  യോഗി ആദിത്യനാഥ് പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം പൗരന്‍മാര്‍ ആണ് പ്രധാനമെന്നും മറ്റുള്ളവരുമായി പുലര്‍ത്തുന്ന അതേ ബന്ധം തന്നെയാണ് മുസ്‌ലിങ്ങളോടും കാത്തു സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാറില്ലെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ വിവേചനം കാണിക്കാറില്ലെന്നും യു.പിയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ആനുകൂല്യം പറ്റുന്നത് മുസ്‌ലിങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

2019- ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരളത്തിലെ മുസ്‌ലിം ലീഗിനെ വൈറസ് എന്ന വിശേഷിപ്പിച്ചതിനേയും കോണ്‍ഗ്രസ് ’അലി’യെ എടുത്തോളൂ, ഞങ്ങള്‍ക്ക് ”ബജ്റംഗ് ബലി”യെ മതിയെന്നുമുള്ള പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യത്തിന് അത് അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാണെന്നായിരുന്നു യോഗിയുടെ മറുപടി. അന്നത്തെ സാഹചര്യത്തിൽ താന്‍ അത്തരം പ്രസ്താവനകള്‍ നടത്തിയിരിക്കാം. എന്നാല്‍ വര്‍ഗീയതയും ഗുണ്ടായിസവും ഒരു കാലത്തും തങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും തുടര്‍ന്നും അതുണ്ടാവില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.

സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്‌ലിങ്ങളെങ്കിലും സര്‍ക്കാര്‍ പദ്ധതികളുടെ മൂന്നാമത്തെ ഗുണഭോക്താവ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു യോഗി പറഞ്ഞത്.
വസ്തുതകള്‍ പരിശോധിച്ചാല്‍ ഹിന്ദുക്കളേക്കാള്‍ ഇരട്ടിയിലധികം വീടുകള്‍ ലഭിച്ചത് മുസ്‌ലിങ്ങള്‍ക്കാണെന്ന്  മനസിലാകും. പാവപ്പെട്ട മുസ്ലിം കുടുംബങ്ങള്‍ ഉണ്ട്. അവര്‍ക്ക് ആനുകൂല്യങ്ങള്‍ ആവശ്യമാണ്, അതുകൊണ്ട് ഞങ്ങള്‍ അവര്‍ക്ക് നല്‍കി. അവര്‍ മുസ്‌ലിംകളായതിനാല്‍ ഞങ്ങള്‍ സഹായം നല്‍കിയില്ലെന്ന് പറയാന്‍ സാധിക്കില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് അത് ലഭിച്ചിട്ടുണ്ട്.

തന്റെ സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ക്ഷേമ പദ്ധതികളുടെ പ്രയോജനം ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് മുസ്‌ലിങ്ങളാണെന്ന് മനസിലാകും. ‘നോക്കൂ, ദരിദ്രന്‍ എന്നും ദരിദ്രനാണ്. സര്‍ക്കാര്‍ പദ്ധതികള്‍ വിവേചനമില്ലാതെ എല്ലാവരിലേക്കും എത്തിച്ചേരണം. വികസനം എല്ലാവര്‍ക്കുമുള്ളതാണെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2014- ല്‍ പ്രധാനമന്ത്രി സബ്ക സാത്ത്, സബ്ക വികാസ്’ എന്ന മുദ്രാവാക്യം കൊണ്ടുവന്നു. ഇത് ഒരു മുദ്രാവാക്യം മാത്രമല്ല, ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. പാവപ്പെട്ടവരിലേക്ക് എത്തിച്ചേരാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്’- എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.