സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തി തലവെട്ടിയെടുത്ത് പൊലീസില്‍ കീഴടങ്ങി യുവാക്കള്‍

തെലങ്കാനയിലെ നെല്‍ഗൊണ്ടയില്‍ സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാക്കള്‍. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്റെ തല അറുത്ത് മാറ്റിയത്. തെലുങ്കാനയിലെ നെല്‍ഗൊണ്ടയിലെ നാംപള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

സദ്ദാമെന്ന 26 കാരനെയാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ് കൊലപാതകത്തിന് പിന്നിലെന്നും ശനിയാഴ്ച വൈകുന്നേരം പോലീസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം സദ്ദാമിന്റെ അറുത്തെടുത്ത തലയുമായി ഇര്‍ഫാനും ഘൗസും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.