മുന്ദ്രാ പോര്‍ട്ടിലെ മയക്കുമരുന്ന് വേട്ട. അന്വേഷണം എന്‍.ഐ.എക്ക്

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുടെ അന്വേഷണ ചുമതല എന്‍ഐഎക്ക്. ഗുജറാത്തിലെ മുന്ദ്രാ പോര്‍ട്ടില്‍ നിന്നും 21000 കോടി രൂപ വില വരുന്ന 2988 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ടി 1985 അനുസരിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും മേഘവര്‍ണ്ണന്‍ സുധാകരന്‍, ദുര്‍ഗ്ഗാ ഗോവിന്ദരാജു, രാജ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

മയക്കുമരുന്നു കള്ളക്കടത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നു സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കണ്ടെയ്നറില്‍ 1999.58 കിലോഗ്രാമും മറ്റൊന്നില്‍ 988.68 കിലോഗ്രാമും ആണ് ഹെറോയിന്‍ കണ്ടെത്തിയത്. വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ആഷി ട്രേഡിംഗ് കമ്പനിയുടെ പേരില്‍ വന്ന കണ്ടെയ്നറുകളില്‍ ടാല്‍കം പൗഡര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സെറാമിക് കല്ലുകളുടെ ഇടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ഹെറോയിന്‍.

2020 ഓഗസ്റ്റ് 18 ന് ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടിയ കമ്പനി കാക്കിനഡ സ്വദേശിനി വൈശാലിയുടെ പേരിലാണ്. ഇവരുടെ ഭര്‍ത്താവാണ് മേഘവര്‍ണ്ണന്‍. കഴിഞ്ഞ എട്ടുകൊല്ലമായി ഇവര്‍ ചെന്നൈയിലെ കോളംപാക്കത്തെ ഒരു വാടക അപ്പാര്‍ട്ടുമെന്റിലാണ് താമസം. വൈശാലി ഇപ്പോള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ്. എന്നാല്‍ പ്രധാനമായും സംശയിക്കുന്നത് ഇവരുടെ ഭര്‍ത്താവ് മേഘവര്‍ണ്ണനെയാണ്.

ഹെറോയിന്‍ നേരെ ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി എന്ന് സംശയിക്കുന്നതായി വിജയവാഡ പൊലീസ് കമ്മീഷണര്‍ ബി. ശ്രീനിവാസലു പറഞ്ഞു. കമ്പനി വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നതൊഴികെ മറ്റു തെളിവുകളൊന്നും അവിടെ നിന്നും ലഭിച്ചിട്ടില്ല. പത്തോ പന്ത്രണ്ടോ ലക്ഷം രൂപ കമ്മീഷന്‍ മാത്രം കിട്ടുന്ന ഏജന്റുമാര്‍ മാത്രമാണ് വൈശാലിയും മേഘവര്‍ണ്ണനും എന്നും വന്‍തോക്കുകൾ ആരോ പിന്നിലുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.