രജനിയുടെ 'വിജയമുദ്ര' തങ്ങളുടേതെന്ന വാദവുമായി മുംബൈ കമ്പനി

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനികാന്ത് തന്റെ ആരാധര്‍ക്ക് നേര്‍ക്ക് ഉയര്‍ത്തിക്കാട്ടുന്ന വിജയമുദ്രയുടെ പ്ലേറ്റന്റ് അവകാശവാദവുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി രംഗത്ത്. ആ ചിഹ്നം തങ്ങളുടെ കമ്പനിയുടെ ലോഗോയെ അനുസ്മരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി രജനിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

മുംബൈയിലെ വോക്സ്വെബ് എന്ന കമ്പനിയാണ് രജനികാന്തിന്റെ വിജയമുദ്രയ്ക്കെതിരേ രംഗത്തുവന്നത്. ഒന്നരവര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ് വോക്സ്വെബ് കമ്പനി. എന്നാല്‍ ഒന്നര പതിറ്റാണ്ടായി രജനി ഉപയോഗിക്കുന്ന മുദ്രയുടെ അവകാശവാദം ഒന്നരവര്‍ഷം മാത്രം പ്രായമുള്ള കമ്പനി ഉന്നയിക്കുന്നതിന്റെ യുക്തിയെ ചിലര്‍ ചോദ്യം ചെയ്യുന്നുമുണ്ട്. 2002 ല്‍ ഇറങ്ങിയ രജനിയുടെ “ബാബ” എന്ന സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന മുദ്രയാണ് ഇത്. രജനികാന്തിന്റെ രാഷ്ട്രീയപ്രവശനം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ രജനി മുദ്രയുടെ അവകാശവാദവുമായി കമ്പനിയെത്തിയത് എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയപ്രഖ്യാപനം നടത്തിയശേഷം രജനികാന്തിന്റെ പ്രസ്താവനകള്‍ക്കും യോഗങ്ങള്‍ക്കും മുന്‍പത്തേതിനേക്കാള്‍ ശ്രദ്ധ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ അംഗവിക്ഷേപങ്ങളും ആരാധകരോടുള്ള പ്രതികരണവുമൊക്കെ കൂടുതല്‍ സജീവമാക്കാന്‍ രജനികാന്ത് മനപ്പൂര്‍വം ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് സത്യം. തങ്ങള്‍ അയച്ച നോട്ടീസിന് രജനികാന്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്ന് കമ്പനിയുടെ സ്ഥാപകന്‍ യാഷ് മിശ്ര പറഞ്ഞു.