കാറ്റ് അനുകൂലമല്ല; ഒടുവില്‍ മുകേഷ് അംബാനിയും കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു, ബന്ധം വിച്ഛേദിച്ചത് 2012 ല്‍ അധികാരമൊഴിയുമ്പോള്‍

തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റ് ഭീമമന്‍മാര്‍ പൊതുവെ പരസ്യനിലപാട് എടുക്കാത്തവരാണ്. ആര് അധികാരത്തിലെത്തും എന്ന വ്യക്തതയില്ലാത്തതിനാല്‍ വെറുതെ പുലിവാല് പിടിച്ച് സാമ്രാജ്യം തകര്‍ക്കണ്ട എന്ന ചിന്തയാണ് ഇതിന് പിന്നില്‍. എന്നാല്‍ മോദിയുടെ ഉറ്റ ചങ്ങാതി എന്ന ഖ്യാതിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നേതാവുമായ മിലിന്ദ് ദേവ്‌റയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

പ്രമുഖ ബാങ്കറായ ഉദയ് കോടക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ട റഫാല്‍ ഇടപാടിന്റെ പേരില്‍ 30000 കോടി രൂപയുടെ അഴിമതി അനിയന്‍ അനില്‍ അംബാനിക്കെതിരെ രാഹുല്‍ ഗാന്ധി മാസങ്ങളായി ഉന്നയിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മോദി രണ്ടാമതും അധികാരത്തില്‍ വരാനുളള സാധ്യത വിരളമായിരിക്കെയാണ് ഇങ്ങനെ ഒരു കളിക്ക് മുകേഷ് അംബാനി മുതിരുന്നത്.

മിലിന്ദിനെ കുറിച്ചുള്ള മുകേഷിന്റെ വീഡിയോ മിലിന്ദ് തന്നെയാണ് പങ്ക് വച്ചത്. “മിലിന്ദ് സൗത്ത് മുംബൈയുടെ സ്വന്തം ആളാണ്. പത്തു വര്‍ഷം ഇവിടുത്തെ സാമൂഹിക-സാമ്പത്തീക-സാംസ്‌കാരിക രംഗങ്ങളെ കുറിച്ചെല്ലാം അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്.”അംബാനി മിലിന്ദിന് വേണ്ടി വീഡിയോയില്‍ പറയുന്നു. രണ്ടാം യു പി എ അധികാരത്തില്‍ നിന്ന് പോകുമെന്ന് തിരിച്ചറിഞ്ഞ അംബാനി 2012 മുതല്‍ കോണ്‍ഗ്രസ് ബന്ധം മുറിച്ചിരുന്നു. പിന്നീടാണ് മോദിയുടെ സ്വന്തം വ്യവസായി എന്ന പേര് സമ്പാദിച്ചത്.

Read more

പൊതുവെ രാഷ്ട്രീയത്തില്‍ പരസ്യ നിലപാട് സ്വീകരിക്കാത്ത അംബാനി ഇപ്പോള്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് “കാറ്റ്” അനുസരിച്ചാണെന്നാണ് പൊതുവിലയിരുത്തല്‍. കാല്‍ നൂറ്റാണ്ടിനിടെ അപ്രതീക്ഷിത വളര്‍ച്ച നേടി ലോകത്തെ വന്‍വ്യവസായി ആയി മാറിയ ആളാണ് മുകേഷ്. അനിയന്‍ അനില്‍ അംബാനിയുടെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ കഴിഞ്ഞ മാസം 450 കോടിയോളം രൂപ അവസാന ദിവസം കോടതിയില്‍ കെട്ടിവച്ചത് മുകേഷ് ആയിരുന്നു. 40000 കോടിയോളം രൂപ അനില്‍ അംബാനിക്ക് കടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഫാല്‍ ഇടപാടില്‍ 30000 കോടിയുടെ ആനുകൂല്യം മോദി അനില്‍ അംബാനിക്ക് ചെയ്ത് കൊടുത്തുവെന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.