രാജ്യത്ത് എത്ര പേര്‍ക്ക് ജോലി ലഭിച്ചു? മുദ്ര തൊഴില്‍ സര്‍വെയും പൂഴ്ത്തി മോദി സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് കഴിഞ്ഞേ പുറത്ത് വിടൂ

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതി പ്രകാരം രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന കണക്കും പൂഴ്ത്തി മോദി സര്‍ക്കാര്‍. തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി പുറത്തു വിടേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലാണെന്നു വ്യക്തമാക്കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയതിന് പിന്നാലെയാണിത്.

ലേബര്‍ ബ്യൂറോയുടെ സര്‍വെ രീതികളില്‍ വിദഗ്ധ സമിതി അപാകതകള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇതിനു ശേഷമായിരിക്കും റിപ്പോര്‍ട്ട് പുറത്തു വിടുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ബ്യൂറോ ഇതിന് രണ്ട് മാസം കൂടി സമയം ചോദിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടിന് പുറമെ ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടങ്ങളെ കുറിച്ച് ഈ രണ്ടു റിപ്പോര്‍ട്ടുകളിലും പ്രതിപാദിക്കുന്നുണ്ട്.

ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതിയാണ് മുദ്ര.
മുദ്ര പദ്ധതി പ്രകാരം ചെറുകിട യൂണിറ്റുകള്‍ ആരംഭിക്കാന്‍ പരമാവധി 10 ലക്ഷം വരെ നല്‍കാം. 2015ല്‍ മുദ്ര പദ്ധതി ആരംഭിച്ചതു മുതല്‍ 2019 ജനുവരി 18 വരെ 7.46 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
15.55 കോടി അപേക്ഷകള്‍ തീര്‍പ്പാക്കി. പുതിയ സംരംഭകര്‍ക്കായി 2.96 ലക്ഷം കോടി രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ലക്ഷക്കണക്കിനു കോടി രൂപ വായ്പ നല്‍കിയെന്നു സര്‍ക്കാര്‍ പറയുന്ന ഈ പദ്ധതി പ്രകാരം എത്രയാളുകള്‍ക്കു ജോലി ലഭിച്ചെന്ന കണക്കാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്.