എം.പിമാരെ മര്‍ദ്ദിച്ചിട്ടില്ല; വിശദീകരണവുമായി ഡല്‍ഹി പൊലീസ്‌

പാര്‍ലമെന്റ് വളപ്പില്‍ സില്‍വര്‍ലൈനിന് എതിരെ പ്രതിഷേധിച്ച് എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധത്തിന് എത്തിയവര്‍ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ തയ്യാറായില്ലെന്നും മുദ്രാവാക്യങ്ങളുമായി പാര്‍ലമെന്റ് വളപ്പില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവരെ തടയുകയാണ് ചെയ്തതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

എംപിമാരെ പൊലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. എംപിമാരെ മര്‍ദ്ദിച്ച സംഭവം ഗുരുതരമാണെന്ന് ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന റിപ്പോര്‍ട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അറിയിച്ചു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബെഹനാന്‍, കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ തുടങ്ങയവരെ പൊലീസ് കയ്യേറ്റം ചെയ്തത്.

ഹൈബി ഈഡന്റെ മുഖത്തടിക്കുകയും, ബെന്നിബഹ്നാന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു. വനിതാ ജനപ്രതിനിധി ആണെന്ന പരിഗണനപോലും തരാതെ പുരുഷ പൊലീസ് ആക്രമിച്ചെന്ന് രമ്യ ഹരിദാസ് എംപി പ്രതികരിച്ചു.