പ്രവചനങ്ങളും കടന്ന് എന്‍.ഡി.എ; 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും, രണ്ടാമനായി അമിത് ഷാ

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കത്തിവെട്ടുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന  നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ദേശീയതലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. 2014 ലും മേയ് 26 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ തയ്യാര്‍ ചെയ്ത പ്രത്യേക വേദിയിലായിരുന്നു സത്യപ്രതിജ്ഞ.

വീണ്ടും ഭരണമുറപ്പിച്ചതോടെ ബിജെപി പാര്‍ലിമെന്ററി സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ബിജെപിയെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പാര്‍ട്ടി പ്രമേയം പാസാക്കുമെന്നും. മോദി പ്രവര്‍ത്തകരോടു സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ 542 സീറ്റുകളില്‍ 348 ലും എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. 88 എണ്ണത്തില്‍ യുപിഎ ലീഡ് ചെയ്യുമ്പോള്‍ 107 സീറ്റില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു. രാജ്യത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ സഖ്യത്തിന് ഏറ്റവുമധികം സീറ്റ് നല്‍കിയത് കേരളമാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിലെ 20 സീറ്റുകളില്‍ 19 ലും കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കേരളത്തില്‍ ബിജെപി നടത്തിയ ശബരിമല സമരമുള്‍പ്പെടെയുള്ളവയുടെ ഗുണഫലം യുഡിഎഫിനാണ് ലഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.