മുസ്ലിങ്ങളെ സാമ്പത്തികമായി തകർക്കുകയാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെ അജണ്ട : അഭിജിത് ബാനർജി

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്തിയെടുക്കുന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് നൊബേൽ ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി. മുസ്ലിങ്ങളെ ഭയപ്പെടുത്തുകയും അവരെ സാമ്പത്തികമായി തകർക്കുകയുമാണ് ഈ നീക്കങ്ങളുടെ ആത്യന്തിക ലക്ഷ്യം. മുസ്ലിങ്ങൾ ഇന്ത്യയിൽ ഭൂരിപക്ഷമായി മാറുമെന്ന പ്രചാരണം ഇപ്പോൾ ശക്തമാണ്. ഞാൻ അങ്ങനെ ചിന്തിക്കുന്നേയില്ല, കാരണം ഇന്ത്യയിൽ മുസ്ലിങ്ങൾ എണ്ണത്തിൽ ഹിന്ദുക്കളേക്കാൾ വളരെ കുറവാണ്. അതുകൊണ്ട് ന്യൂനപക്ഷം എക്കാലവും ഇവിടെ ന്യൂനപക്ഷമായി തുടരും. മറിച്ചുള്ള പ്രചാരണങ്ങൾ അ വാസ്തവമാണെന്ന് അദ്ദേഹം ടാറ്റ സ്റ്റീൽ കൊൽക്കത്ത സാഹിത്യ സമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ചില സമാനതകൾ ഉണ്ട്. അമേരിക്കയിൽ ആഫ്രിക്കയിൽ നിന്ന് വന്നവരും മെക്സിക്കൻ അമേരിക്കക്കാരും ന്യൂനപക്ഷമാണ്. ഇവർ അമേരിക്കകാരെക്കാൾ സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. അതുകൊണ്ട് മുസ്ലിങ്ങളെ സാമ്പത്തികമായി ഒന്നുമില്ലാത്തവരായി മാറ്റുക എന്ന അജണ്ട പല നടപടികളിലും കാണാവുന്നതാണ്. എന്നാൽ മുസ്ലിങ്ങൾ വളരുകയാണ്, സാമ്പത്തികമായും ജനസംഖ്യാപരമായും എന്ന പ്രചാരണം ഇവിടെ ശക്തമാണ്. ഇന്ത്യ ഒരിക്കലും ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറുകയില്ല – അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് നികുതി കുറച്ചത് ഇന്ത്യക്ക് നേട്ടമായില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. കോർപറേറ്റുകൾ സമ്പന്നരാണെങ്കിലും ഡിമാൻഡ് കുറഞ്ഞ ഒരു ഘട്ടത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാര്യങ്ങളും പണക്കാർ ചെയ്യുമെന്ന് ചില പഴഞ്ചൻ സിദ്ധാന്തങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. അതുകൊണ്ട് നികുതി കുറയ്ക്കുന്നതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തിന് കാര്യമായ മാറ്റം ഉണ്ടാകില്ലെന്ന് ബാനർജി അഭിപ്രായപ്പെട്ടു.