സി.എ.എയും എന്‍.ആര്‍.സിയും തൊഴിലില്ലായ്മയും വിലക്കയറ്റവും മറച്ചുവെയ്ക്കാനോ..?; ഭൂരിഭാഗം പേരും അനുകൂലിച്ചെന്ന് ഇന്ത്യ ടുഡേ സര്‍വേ

ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് സിറ്റിസണ്‍ഷിപ്പ് ഭേദഗതി നിയമം (സിഎഎ), നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) തുടങ്ങിയ വിഷയങ്ങള്‍ എന്ന് ഭൂരിഭാഗം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നെന്ന് ഇന്ത്യാ ടുഡേ.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിഎഎയും എന്‍ആര്‍സിയും എന്ന് 43 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്ന് സര്‍വേ ഫലം കണ്ടെത്തി. 32 ശതമാനം പേര്‍ തങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്നും 25 ശതമാനം പേര്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ എന്ന് അറിയില്ലെന്നും പറഞ്ഞു.

രാജ്യത്തെ നാല് മേഖലകളായി തിരിച്ചും മതത്തിന്റെ അടിസ്ഥാനത്തിലും ഇതേ സര്‍വേ നടത്തി. ഇതില്‍ തെക്കേ ഇന്ത്യയില്‍ 50 ശതമാനം പ്രതികരിച്ചവര്‍ സിഎഎയെയും എന്‍ആര്‍സിയെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളായി കണക്കാക്കുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവടങ്ങളില്‍ യഥാക്രമം 40 ശതമാനം, 44 ശതമാനം, 41 ശതമാനം ആളുകള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചു.

വോട്ടെടുപ്പില്‍ 42 ശതമാനം ഹിന്ദുക്കളും സിഎഎയും എന്‍ആര്‍സിയും ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നു. 55 ശതമാനം മുസ്ലിമുകളും 41 ശതമാനം മറ്റ് മതവിഭാഗക്കാരും ഇത് വിശ്വസിക്കുന്നു.

Read more

ഡിസംബര്‍ 21 മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇന്ത്യ ടുഡേ ഈ സര്‍വേ നടത്തിയത്. ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ 19 സംസ്ഥാനങ്ങളില്‍ 12,141 അഭിമുഖം നടത്തിയാണ് സര്‍ വേ പൂര്‍ത്തിയാക്കിയത്.