'മേഘസിദ്ധാന്ത'ത്തിനും 'ഡിജിറ്റല്‍ ക്യാമറ'യ്ക്കും മുമ്പെ സ്വന്തമായി എന്‍ജിനീയറിംഗ് ബിരുദം ഉണ്ടായിരുന്ന ആ കാലത്തെ ഓര്‍ത്തെടുത്ത് സാക്ഷാല്‍ മോദി

” മേഘ സിദ്ധാന്ത”വും 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ പ്രാഗദ്ഭ്യത്തിനും ശേഷം സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ച ഉടലെടുക്കുന്നു. 1992 ല്‍ മോദി കന്നഡ ടാബ്ലോയിഡിന് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അന്ന് പറഞ്ഞത് ഓര്‍ത്തോര്‍ത്തെടുത്തു ചിരിക്കുകയാണ് ട്രോളര്‍മാര്‍. തനിക്ക് എന്‍ജിനീയറിംഗ് ഡിഗ്രി സ്വന്തമായുണ്ടെന്നാണ് ആ ഇന്റര്‍വ്യൂവില്‍ മോദിയുടെ അവകാശ വാദം. ഇന്നും മോദിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് ദുരൂഹതകള്‍ അവശേഷിക്കുന്നുവെന്നത് മറ്റൊരു കാര്യം.

നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബിജെപി പ്രസിഡന്റായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. തനിക്ക് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച “നവനിര്‍മ്മാണ സേന”യിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട് പറയുന്നുണ്ട്.

ബിജെപിയിലെ സാമ്പത്തിക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. കന്നഡ പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ “തരംഗ”യാണ് മോദിയുടെ അഭിമുഖം 1992 ല്‍ പ്രസിദ്ധീകരിച്ചത്.

പത്താംകോട്ടിന് തിരിച്ചടിക്കാന്‍ ആലോചിച്ചപ്പോള്‍ ആകാശം കാര്‍മേഘഭരിതമായതിനാല്‍ സൈനികമേധാവികള്‍ അറച്ചു നിന്നു. മേഘങ്ങള്‍ ഉള്ളതിനാല്‍ പാക് റഡാറുകളില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പതിയില്ലെന്നും ഇത് ആക്രമണത്തിന് സുരക്ഷ നല്‍കുമെന്നും താന്‍ ഉപദേശിച്ചെന്നായിരുന്നു മോദി ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ അവകാശപ്പെട്ടത്.ലോകം മുഴുവന്‍ ഇതിനെ ട്രോളി വശം കെട്ടപ്പോഴാണ് മറ്റൊരു യമണ്ടന്‍ അവകാശവാദവുമായി ഇദ്ദേഹം പിന്നെയും പ്രത്യക്ഷപ്പെട്ടത്.

Read more

1988 ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ അദ്വാനിയുടെ ഫോട്ടോയെടുത്ത് ഇ-മെയില്‍ വഴി ഡല്‍ഹിക്കയച്ചെന്നും പിറ്റേന്നത്തെ പത്രത്തില്‍ അത് കളറില്‍ അച്ചടിച്ച് വന്നെന്നും മോദി പറഞ്ഞിരുന്നു.