നരേന്ദ്രമോദിയുടെ ' അറിയാക്കഥ'കളുമായി പുതിയ വെബ്‌സൈറ്റ്, മോദിയുമായുള്ള അനുഭവങ്ങള്‍ ആര്‍ക്കും പങ്കുവയ്ക്കാം

അടിയന്തിരാവസ്ഥക്കാലമാണ്, സര്‍ദാര്‍ജിയുടെ വേഷത്തില്‍ വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒരു പൊലീസുകാരന്‍ മോദിയുടെ അടുത്തെത്തിയത്. നരേന്ദ്ര മോദി എവിടെയാണ് താമസിക്കുന്നത് എന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. അറിയില്ല, താങ്കള്‍ക്ക് അകത്തു കയറി പരിശോധിക്കാം എന്ന് മോദി മറുപടി നല്‍കി.

ഉടന്‍ തന്നെ മോദി സഹോദരനൊപ്പം സ്‌കൂട്ടറില്‍ അവിടെനിന്നു കടന്നു. പൊലീസുകാരനോ ഞങ്ങള്‍ക്കോ പോലും മോദിയെ ആ വേഷത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.’– രോഹിത്ത് അഗര്‍വാളെന്നയാളാണ് മോദിയെക്കുറിച്ചുള്ള ഈ കഥ പങ്കുവെച്ചിരിക്കുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ഡോക്ടര്‍ അനില്‍ റാവല്‍, 1980-കളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു കഥ പങ്കുവെച്ചു.

ഒരു സ്വയംസേവകന്റെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ചപ്പോഴുണ്ടായ ഒരു സംഭവമായിരുന്നു അത്, പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് ഡോ. റാവല്‍ പറഞ്ഞു, ‘ഞാന്‍ ഒരിക്കല്‍ ഒരു സ്വയംസേവകന്റെ വീട്ടില്‍ പോയിരുന്നു. അതൊരു ചെറ്റക്കുടില്‍ ആയിരുന്നു. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഒരു താലിയില്‍ അവര്‍ എനിക്ക് അര ഭജ്ര റൊട്ടിയും ഒരു ചെറിയഗ്ലാസില്‍ പാലും വിളമ്പി. ചെറിയ പാത്രം പാല്‍. അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുട്ടി പാല് പാത്രത്തിലേക്ക് ഉറ്റു നോക്കുന്നു. പാല്‍ അവനു വേണ്ടിയുള്ളതാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പകുതി റൊട്ടി വെള്ളത്തോടൊപ്പം കഴിച്ച് പാല്‍ ഉപേക്ഷിച്ചു.’ ‘അമ്മ പിന്നീട് കുഞ്ഞിന് പാല്‍ കൊടുത്തു, അവന്‍ ഒറ്റ ശ്വാസത്തില്‍ അത് കുടിച്ചു, എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു. അപ്പോഴാണ് ദരിദ്രന്റെ ഉന്നമനത്തിനായി എന്റെ ജീവിതം നയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

പുതുതായി ആരംഭിച്ച ‘മോദി സ്റ്റോറി.ഇന്‍’ (modistory.in) എന്ന വെബ്സൈറ്റിലാണ് നരേന്ദ്ര മോദിയുടെ അധികമാരുമറിയാത്ത ഇത്തരം അനുഭവങ്ങള്‍ വായിക്കാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജീവിതത്തെ അടുത്ത് കണ്ട വ്യക്തികളുടെ നേരിട്ടുള്ള സംഭവങ്ങളും സ്മരണകളും ഇവര്‍ സമാഹരിക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള ഫോട്ടോകള്‍, കത്തുകള്‍ അല്ലെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തിഗത സ്മരണികകള്‍ എന്നിവയ്ക്കൊപ്പം അത്തരത്തിലുള്ള ഏതെങ്കിലും അനുഭവത്തിന്റെയോ ഉപകഥയുടെയോ റൈറ്റപ്പുകള്‍, ഓഡിയോ അല്ലെങ്കില്‍ വിഷ്വല്‍ സ്റ്റോറികള്‍ എന്നിവ സമര്‍പ്പിക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ലാഭേച്ഛയില്ലാതെയാണ് സൈറ്റ് ആരംഭിച്ചിരിക്കുന്നത്.