റഫേല്‍: നരേന്ദ്ര മോദി ചെയ്തത് രാജ്യദ്രോഹക്കുറ്റം; പ്രധാനമന്ത്രി അതീവ രഹസ്യ രാജ്യസുരക്ഷാ വിവരങ്ങള്‍ അംബാനിക്ക് ചോര്‍ത്തി; കൂടുതല്‍ തെളിവുകളുമായി രാഹുല്‍ ഗാന്ധി

Gambinos Ad
ript>

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ കൂടുതല്‍ കുരുക്കിലാക്കി രാഹുല്‍ ഗാന്ധി പുതിയ തെളിവുകള്‍ പുറത്തുവിട്ടു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ്
റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ബിജെപിയെയും പ്രധാനമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

Gambinos Ad

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ സ്വകാര്യ വ്യക്തിക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് രാഹുല്‍ ആഞ്ഞടിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ കൊള്ളയാണ് റഫേല്‍ എന്ന രീതിയിലാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

മോദി ചാരനെ പോലെയാണ് റഫേല്‍ ഇടപാടില്‍ പ്രവര്‍ത്തിച്ചത്. റഫേല്‍ ഇടപാടില്‍ ധാരണാപത്രം തയാറാക്കുന്നതിന് മുമ്പായി അനില്‍ അംബാനിക്ക് വിവരം ലഭിച്ചു. റഫേല്‍ ഇടപാടിനെകുറിച്ച് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തായ അനില്‍ അംബാനിയെ സഹായിക്കാനായി 30,000 കോടി രൂപയുടെ കള്ളക്കളിയാണ് നടത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു.

ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് റഫേല്‍ ഇടപാടില്‍ തീരുമാനമാകുന്നതിന് മുമ്പ് അംബാനി കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015 മാര്‍ച്ചില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അനില്‍ അംബാനി ജീന്‍ വെസ് ലെ ഡ്രിയാന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ പ്രത്യേക പ്രതിരോധ ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്‌റ്റൊഫെ സലൊമണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജെഫ്രി ബോക്വറ്റ് എന്നിവരാണ് പങ്കെടുത്തിരുന്നത്.

2015 ഏപ്രില്‍ ഒമ്പതിനാണ് നരേന്ദ്ര മോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയത്. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാണ്ടും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. 2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നത്. ഇതേ ആഴ്ചയാണ് അനില്‍ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും. പ്രതിരോധ മന്ത്രി വെസ്‌ലെ ഡ്രിയാന്റെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.