എന്നെ അവര്‍ പുഴുവെന്നും പട്ടിയെന്നും കുരങ്ങനെന്നും വിളിച്ചു, എന്റെ അച്ഛന്‍ ആരാണെന്ന് ചോദിച്ചു: നരേന്ദ്രമോദി

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നിരന്തരം വ്യക്തിപരമായി അപമാനിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നുവെന്ന് മോദി ഹരിയാനയില്‍ പറഞ്ഞു

രാജീവ് ഗാന്ധിയ്ക്കെതിരെ മോദി വിദ്വേഷം നിറഞ്ഞ പ്രസ്താവന നടത്തിയെങ്കിലും മോദിയോട് സ്നേഹം മാത്രമേ തനിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കവേയാണ് കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിച്ചതിന്റെ കണക്കുകള്‍ നിരത്തി മോദി രംഗത്തു വന്നത്. “ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പുഴുവിനോട് ഉപമിച്ചു. മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു. വേറൊരാള്‍ വിളിച്ചത് ഭസ്മാസുരനെന്നായിരുന്നു. ഒരു കോണ്‍ഗ്രസ് മന്ത്രി തന്നെ കുരങ്ങനെന്ന് വിളിച്ചപ്പോള്‍ മറ്റൊരു മന്ത്രി വിളിച്ചത് ദാവൂദ് ഇബ്രാഹീം എന്നായിരുന്നു.

എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയായപ്പോഴാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് ഓര്‍ക്കണം” മോദി പറഞ്ഞു.