തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയക്കാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് മായാവതി, മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പലെന്നും ബി.എസ്.പി അദ്ധ്യക്ഷ

മോദിയുടെ സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും ആര്‍ എസ് എസ് പോലും അതിനെ കൈവിട്ടുവെന്നും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ആളെ പറ്റിച്ചതിനാല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ലെന്നും ഇതില്‍ അസ്വസ്ഥനാണ് മോദിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഭരണഘടനയുടെ ക്ഷേമ തത്വങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം ശുദ്ധമായ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകേണ്ടത്-മായാവതി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ ഒരു ഫാഷനാണെന്നും ഇത്തരം പരിപാടികള്‍ കവര്‍ ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു .ഉജ്ജൈയിനിയിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തില്‍ ഇന്നലെ പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും സന്ദര്‍ശനം നടത്തിയിരുന്നു.

ദളിത് വോട്ടുകള്‍ക്ക് വേണ്ടി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് നരേന്ദ്രമോദിയെന്ന് അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദളിത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനായും വൃത്തികെട്ട കളിയാണ് മോദി കളിക്കുന്നതെന്നും അവര്‍  കൂട്ടിചേര്‍ത്തു. രാഷ്ട്രീയലാഭത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്രമോദി. ഇത്തരത്തിലുള്ള ഒരാള്‍ക്ക് മറ്റു സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കാനാവുമെന്നും മായാവതി ചോദിച്ചു. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാരെ അയയ്ക്കാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.

തങ്ങളെ ഉപേക്ഷിക്കാന്‍ ഭര്‍ത്താക്കന്മാരെ മോദി നിര്‍ബന്ധിക്കുമോ എന്നതാണ് ബിജെപിയിലെ വനിതാനേതാക്കളുടെ ഭയം. വോട്ടിനായി എന്തും ചെയ്യുന്ന മോദി അല്‍വാറില്‍ മാനഭംഗമുണ്ടായപ്പോള്‍ ഒരക്ഷരം പറഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി.