മോദി ധ്യാനമിരുന്ന കേദാര്‍നാഥിലെ ഗുഹയ്ക്ക് ഒരു ദിവസത്തെ വാടക 990 രൂപ!

സമുദ്ര നിരപ്പില്‍ നിന്ന് 12000 അടി ഉയരത്തിലുള്ള കേദര്‍നാഥ് ക്ഷേത്രത്തിനടുത്ത് കരിങ്കല്ലില്‍ കൊത്തി പണി തീര്‍ത്ത ഗുഹയിലായിരുന്നു മോദി നാട്ടുകാര്‍ക്കും രാജ്യത്തിനും വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കാന്‍ ധ്യാനത്തിലിരുന്നത്. ഗുഹയിലെ ഹൈടെക് സംവിധാനങ്ങളെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു വന്നിരുന്നു. ട്രോളുകളുടെ ഘോഷയാത്രയായിരുന്നു മോദി ധ്യാനത്തിലിരിക്കുന്ന ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ മോദി ധ്യാനത്തിലിരുന്ന ഗുഹയുടെ വാടക പുറത്തുവന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ എല്ലാ അത്യാധുനിക സൗകര്യവും ഉള്ള ഗുഹയുടെ ഒരു ദിവസത്തെ വാടക 990 രൂപയാണ്. കഴിഞ്ഞവര്‍ഷമാണ് ഇവിടെ ഗുഹ നിര്‍മ്മിച്ചത്. ഗുഹയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഗാര്‍ഗ്വാള്‍ മണ്ഡല്‍ വികാസ് നിഗമം (ജി.എം.വി.എന്‍) വാടക കുറച്ചതും ചില നിബന്ധനകള്‍ ഒഴിവാക്കിയതും.

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലുള്ള ഈ ഗുഹയ്ക്ക് നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചതെന്ന് ജി.എം.വി.എന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ പറഞ്ഞു.

നേരത്ത, മൂന്നുദിവസത്തേക്കെങ്കിലും ബുക്ക് ചെയ്യണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഈ വര്‍ഷമാണ് ഈ നിബന്ധന എടുത്തുമാറ്റിയത്.

ഗുഹ ടോയ്ലറ്റ് അറ്റാച്ച്ഡും സി സി ടിവി ക്യാമറ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. വെളിച്ചവും വായുവും കയറാന്‍ ജനലും 10 അടി ഉയരത്തിലുള്ള തട്ടുമൊക്കെ ഗുഹയിലുണ്ട്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം, രണ്ടുതവണ ചായ എന്നിവ ലഭിക്കും. ഗുഹയ്ക്കുള്ളില്‍ ഒരു കോള്‍ ബെല്ലുണ്ട്. ഇത് അമര്‍ത്തിയാല്‍ 24 മണിക്കൂറും ഒരു അറ്റന്റന്റിന്റെ സേവനം ലഭ്യമാണ്.