ഭൂട്ടാൻ സന്ദർശനത്തിന് ശേഷം മോദി ഇന്ത്യയിലേക്ക് തിരിച്ചു

ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നേതാക്കളുമായി ചർച്ച നടത്തുന്നതിനായിട്ടാണ് മോദി ഭൂട്ടാൻ സന്ദർശിച്ചത്

“നന്ദി ഭൂട്ടാൻ! അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നു ഇത്. ഭൂട്ടാനിലെ അത്ഭുതകരമായ ജനതയിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ല.” സന്ദർശനം കഴിഞ്ഞു ഭൂട്ടാനിൽ നിന്നും മടങ്ങവേ മോദി പറഞ്ഞു. നിരവധി മികച്ച പരിപാടികളിൽ പങ്കെടുക്കാനുള്ള ബഹുമതി തനിക്ക് ലഭിച്ചു എന്നും സന്ദർശനത്തിന്റെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുമെന്നും മോദി പറഞ്ഞു.

മോദി ശനിയാഴ്ചയാണ് ഭൂട്ടാനിലെത്തിയത്. ഭൂട്ടാനിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനവും, ഈ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദർശനവുമാണിത്.

ഭൂട്ടാനിലെ തിംഫുവിൽ ശനിയാഴ്ച താമസിക്കുന്നതിനിടെ മോദി ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗുമായി വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അവർ ചർച്ച ചെയ്തു.

ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ.ടി, വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും 10 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.