മോദിയുടെ ഫോട്ടോ വെച്ച ആരാധകന്റേത് പ്രശസ്തനാവാനുള്ള തന്ത്രം; വാടകയും നല്‍കാറില്ല, പരാതി വ്യാജമെന്ന് പൊലീസ്

വാടക വീട്ടില്‍ വെച്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ വീട്ടുടമ ഭീഷണിപ്പെടുത്തുന്നുവെന്ന വാടകക്കാരന്റെ പരാതി വ്യാജമെന്ന് പൊലീസ്. വാടകക്കാരനായ പിര്‍ഗലി നിവാസി യൂസഫിന്റെ പരാതി പെട്ടെന്ന് ജനപ്രീതി നേടാനുള്ള തന്ത്രമായിരുന്നു. വളരെക്കാലമായി ഉടമയ്ക്ക് വാടക നല്‍കിയിരുന്നില്ലെന്നും സ്റ്റേഷന്‍ എസ്.എച്ച.ഒ പറഞ്ഞു.

മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കടുത്ത മോദി ആരാധകനാണ് യൂസഫ്. മോദിയുടെ ആശയങ്ങള്‍ തനിക്ക് വളരെ ഇഷ്ടമായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ വാടക വീട്ടില്‍ വെച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. പക്ഷേ വീട്ടുടമകളായിരുന്ന യാക്കൂബ് മന്‍സൂരിക്കും സുല്‍ത്താന്‍ മന്‍സൂരിക്കും മോദിയുടെ ഛായാ ചിത്രം വീട്ടില്‍ വെച്ചിരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

ഫോട്ടോ എടുത്ത് മാറ്റണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടുവെന്നും മാറ്റിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യൂസഫ് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുടമകളുടെ പ്രവൃത്തി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് അഡീഷണല്‍ ഡിസിപി മനീഷ പതക് സോണി പ്രതികരിച്ചത്.

എന്നാല്‍ യൂസഫ് വളരെക്കാലമായി ഉടമയ്ക്ക് വാടക നല്‍കുന്നില്ല. വാടക ചോദിച്ചപ്പോഴെല്ലാം അയാള്‍ ഉടമകളോട് മോശമായി പെരുമാറി. പരാതി അയാള്‍ പെരുപ്പിച്ചുകാട്ടിയതാണ്. ജനപ്രീതി നേടുന്നതിനാണ് യൂസഫ് ഇത് ചെയ്തതെന്ന് എസ്എച്ച്ഒ സിംഗ് പറഞ്ഞു.