ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാത്ത മോദി പ്രതിദിനം 30000 ജോലി നഷ്ടപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ദിനം പ്രതി 30000 തൊഴില്‍ നഷ്ടപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് 2018 ല്‍ മോദി ദിനം പ്രതി 30000 തൊഴില്‍ ഇല്ലാതാക്കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയത്.

“രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ അനുസരിച്ച് 2018 ല്‍ മാത്രം രാജ്യത്ത് ഒരു കോടി തൊഴിലുകള്‍ നഷ്ടപ്പെടുത്തി. ഒരു തൊഴിലു പോലും സൃഷ്ടിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തൊഴില്‍ സാഹചര്യം മെച്ചപ്പെടണം.തൊഴിലവസരം കൂടണം.ഈ പ്രതിസന്ധി നമുക്ക് പരിഹരിക്കണം”-രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ രാജ്യത്തെ തൊഴില്‍ സാഹചര്യം വ്യക്തമാക്കുന്ന കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു പുറത്തു വിടുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി വെച്ചിരുന്നു. രാജ്യത്ത് 46 വര്‍ഷത്തെ അതിഭീകരമായ തൊഴിലില്ലായ്മയാണ് നില നില്‍ക്കുന്നതെന്ന ആ റിപ്പോര്‍ട്ട് നീട്ടി വെച്ചതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വന്നിരുന്നു.