സത്യപ്രതിജ്ഞ വ്യാഴാഴ്ച: അമിത് ഷാ ധനമന്ത്രി?; അനാരോഗ്യം...അരുണ്‍ ജെയ്റ്റിലിയെ ഒഴിവാക്കിയേക്കും

തിരഞ്ഞെടുപ്പില്‍  ഒറ്റയ്ക്ക് വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ   നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇത്തവണ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. മോദിക്കൊപ്പം മുതിര്‍ന്ന നേതാക്കളും മന്ത്രിമാരായി ഇതേദിവസം സത്യപ്രതിജ്ഞ ചെയ്യും.

അമിത് ഷാ ഇത്തവണ ധനമന്ത്രിയാകുമെന്നാണ് സൂചന. അരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇത്തവണ മന്ത്രി സ്ഥാനം നല്‍കിയേക്കില്ല എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ പോലും സജ്ജീവമായിരുന്നില്ല ജയ്റ്റ്ലി.

കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങ്ങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് തന്നെയായിരിക്കും ഇത്തവണ നല്‍കുക.

സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല. മുതിര്‍ന്ന നേതാക്കളില്‍ രവിശങ്കര്‍ പ്രസാദിന്റെ വകുപ്പ് മാറ്റുമെന്നാണ് സൂചന. നിയമ മന്ത്രിയായി പുതിയ ഒരാളെ കൊണ്ടുവരാനാണ് മോദിക്ക് താത്പര്യം.

അതേസമയം, ധനവകുപ്പിന് പുറമെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള താത്പര്യം ഷാ പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.