അതിർത്തിയിൽ നിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തി; വിട്ടുനൽകുമെന്ന് ചൈന

അരുണാചൽ അതിര്‍ത്തിയില്‍നിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തിയതായി സൂചന. ചൈനീസ് സൈന്യം ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്ന് ഇന്ത്യന്‍സേന അറിയിച്ചു. നടപടിക്രമങ്ങൾ തുടരുകയാണെന്ന് ഡിഫൻസ് പിആർഒ, തേസ്പുർ ലഫ്. കേണൽ ഹർഷവർദ്ധൻ പാണ്ഡെ അറിയിച്ചു. സിയാങ് സ്വദേശി മിറം തരോണിനെ ചൈനീസ് സേന തട്ടിക്കൊണ്ട് പോയതാണെന്ന് ബിജെപി എംപി തപിർ ഗവോ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറം തരോൺ, ജോണി യായൽ എന്നിവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നത്. ഔഷധസസ്യങ്ങൾ ശേഖരിക്കാനും വേട്ടയാടാനുമായി പോയവരാണിവർ. ഇതിൽ ജോണി തിരികെയെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉയർത്തി. തുടർന്ന് ചൈനീസ് സൈന്യവുമായി ഹോട്ട് ലൈൻ വഴി പ്രതിരോധമന്ത്രാലയം ആശയവിനിമയം നടത്തി. പതിനേഴുകാരനെ വിട്ടുനൽകുമെന്ന് ഞായറാഴ്ചയാണ് ഇന്ത്യൻ സൈന്യത്തെ ചൈന അറിയിച്ചത്