ഉന്നാവയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു; കട്ട കൊണ്ട് തല അടിച്ചുതകര്‍ത്ത നിലയില്‍

Advertisement

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ വീണ്ടും നാടിനെ നടുക്കി പീഡനക്കൊല. 12 വയസ്സുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചു കൊന്നു. ഗ്രാമത്തിന് പുറത്ത് ചോരയില്‍ കുളിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വീടിന് പുറത്തുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഉറക്കമുണര്‍ന്ന പിതാവ് നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. പ്രഭാതകര്‍മ്മങ്ങള്‍ക്കായി പെണ്‍കുട്ടി പോയിരിക്കാമെന്നാണ് പിതാവ് കരുതിയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്നും നൂറുമീറ്റര്‍ അകലെ കൃഷിയിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കട്ട കൊണ്ട് തല അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ലൈംഗിക ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ട്. അയല്‍വാസിയെ സംശയമുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. സഫിപുര്‍ കൊട്വലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ തന്നെയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.