ശിവസേനയ്ക്ക് പിന്നാലെ എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കു ദേശവും

ശിവസേനയ്ക്ക് പിന്നാലെ എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി തെലുങ്കുദേശം പാര്‍ട്ടി. ഇതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഞായറാഴ്ച അടിയന്തരയോഗം വിളിച്ചു. ഇതിനു ശേഷം നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതാണ് ഏറ്റവുമൊടുവില്‍ ടിഡിപിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ ബിജെപി സംസ്ഥാന ഘടകവുമായി തുടരുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് പുറമെ കേന്ദ്ര ബജറ്റിലെ അവഗണനയും ടിഡിപി വിഷയമാക്കുന്നു. ആന്ധ്രയെക്കുറിച്ച് ഒരു പരാമര്‍ശവും പോലുമില്ലാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന വിമര്‍ശനമാണ് ടിഡിപി നേതാക്കള്‍ ഉന്നയിക്കുന്നത്. വിശാഖപട്ടണത്തിന് പുതിയ റെയില്‍വേ സോണും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക പദ്ധതികളുമെല്ലാം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു.

ആന്ധ്രാപ്രദേശില്‍ മറ്റൊരു തമിഴ്നാടിനെ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ടിഡിപി ആരോപിക്കുന്നത്. അതേസമയം സഖ്യം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ഗുണകരമാകില്ലെന്നാണ് ടിഡിപി വിലയിരുത്തുന്നത്. വരുന്ന ലോക്സഭ, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കാനാണ് നായിഡുവിന്റെ ശ്രമം.