പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്രം; അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ ശിപാര്‍ശ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളിക്കത്തിയ അസമില്‍ പുതിയ നീക്കവുമായി കേന്ദ്രം. അസമില്‍ ആകെ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. 1951-ന് മുമ്പ് അസമില്‍ ഉണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാല്‍ മതിയെന്നും ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.

സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയേക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി). നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ അടുത്തിടെയാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കിയത്.

1951 മുതല്‍ അസമില്‍ താമസിക്കുന്നവരേയും അവരുടെ പിന്‍ഗാമികളെയും സംസ്ഥാനത്തെ തദ്ദേശവാസികളായി കണക്കാക്കണമെന്നാണ് ഇപ്പോള്‍ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. തദ്ദേശവാസികള്‍ക്ക് 67 ശതമാനം സംവരണം, ലോക്സഭ, നിയമസഭാ സീറ്റുകളിലേക്ക് സംവരണം. തുടങ്ങിയ കാര്യങ്ങളും സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.