ഗോവയിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും എം.ജി.പി പിന്മാറി; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

ഗോവയിലെ പ്രമുഖ പാര്‍ട്ടിയും ബിജെപി സഖ്യകക്ഷിയുമായ മഹാരാഷ്ട്ര ഗമന്തക് പാര്‍ട്ടി (എംജിപി) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധാവലിക്കര്‍ അറിയിച്ചു.

അന്തരിച്ച മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാരില്‍ എംജിപി നേതാവ് സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എംജിപിയെ പിളര്‍ത്തി രണ്ട് എംഎല്‍എമാരെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ക്കുകയായിരുന്നു. പിന്നാലെ സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് എംജിപി – ബിജെപി ബന്ധം ഉപേക്ഷിച്ചത്.

ഗോവയില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ്. എം.ജി.പി പിന്തുണ പിന്‍വലിക്കുന്നതോടെ 36 അംഗ ഗോവന്‍ നിയമസഭയില്‍ ബി.ജെ.പി സഖ്യകക്ഷി എം.എല്‍.എമാരുടെ എണ്ണം 20 ആയി ചുരുങ്ങും. 14 ബി.ജെ.പി എം.എല്‍.എമാരെ കൂടാതെ 3 ഗോവ ഫോര്‍വേഡ് പാര്‍ട്ടി എം.എല്‍.എമാരുടേയും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണ് ബി.ജെ.പിക്കുള്ളത്.

കോണ്‍ഗ്രസിനും സംസ്ഥാനത്ത് 14 എം.എല്‍.എമാരുണ്ട്. 40 സീറ്റുകളുള്ള ഗോവന്‍ നിയസഭയില്‍ നാലു സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇനിയും നടക്കാനിരിക്കെ എം.ജി.പി പിന്തുണ പിന്‍വലിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.