കാമുകിയെ വിവാഹം കഴിക്കണമെങ്കില്‍ പത്തു ലക്ഷം തരണമെന്ന് വീട്ടുകാര്‍; പണം നല്‍കാന്‍ മോഷണം നടത്തിയ യുവാവിനെ കൈയോടെ പിടിച്ച് പൊലീസ്

ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി എത്തിയ യുവാവിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ചെല്ലദുരൈ എന്ന 29-കാരനാണ് വീട്ടുകാര്‍ യമണ്ടന്‍ പണികൊടുത്തത്. യുവാവിന് മുന്നില്‍ ബന്ധുക്കള്‍ വെച്ചത് ഒറ്റ നിബന്ധന മാത്രമായിരുന്നു. പത്ത് ലക്ഷം രൂപയുമായി വന്നാല്‍ വിവാഹം നടത്താം. ഇത് സമ്മതിച്ച യുവാവ് തുക കണ്ടെത്താനിള്ള ശ്രമത്തിനൊടുവില്‍ ജയിലിലുമായി. ചെന്നൈയില്‍ ക്രോംപേട്ടിലാണു നാടകീയ സംഭവം.

ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ വീടിനടുത്തുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരാണ്. യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ട പത്തു ലക്ഷം കണ്ടെത്താന്‍ ചെല്ലദുരൈ തിരഞ്ഞെടുത്ത മാര്‍ഗം മോഷണമായിരുന്നു. സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്തത്.

കഴിഞ്ഞ ദിവസം മൂവരും ചോര്‍ന്ന് താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. സ്വര്‍ണമോ പണമോ ഒന്നും അവിടെ നിന്ന് കിട്ടിയില്ല. ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു ഇവര്‍ സ്ഥലം വിട്ടു.

പിറ്റേദിവസം വീട്ടിലെത്തിയ സൗന്ദരരാജന്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്നു ചെല്ലദുരൈ പൊലീസിനോടു പറഞ്ഞത്.