ജീവന്‍ പണയപ്പെടുത്തി ആംബുലന്‍സിന് വഴി ഒരുക്കി; ബാലന് ധീരത പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കും

കുത്തിയൊലിക്കുന്ന പുഴയെ അവഗണിച്ച് ആംബുലന്‍സിന് വഴി കാട്ടിയ 12- കാരനെ രാജ്യം ധീരത പുരസ്‌കാരം നല്‍കി ആദരിക്കുന്നു. റായ്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേയനകുമ്പി ഗ്രാമവാസി വെങ്കിടേഷിനെയാണ് രാജ്യം ദേശീയ ധീരത പുരസ്‌കാരം നല്‍തി ആദരിക്കുക.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ നാഷണല്‍ ബ്രേവറി അവാര്‍ഡ് 2019 ജനുവരി 26- ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെങ്കിടേഷിന് സമ്മാനിക്കും. മെഡലും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. കര്‍ണാടകയിലെ തൊഴില്‍ വകുപ്പ് സെക്രട്ടറി പി മണിവന്നന്‍ ഐ.എ.എസാണ് വെങ്കിടേഷിന്റെ പേര് വനിതാ-ശിശു വികസന വകുപ്പിന് ധീരതക്കുള്ള അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആംബുലന്‍സിനെ നയിക്കാന്‍ പ്രളയജലം നിറഞ്ഞ പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വെങ്കിടേഷിന് അന്ന് നവമാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമായിരുന്നു ഒഴുകി എത്തിയത്. അരയ്‌ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് ആംബുലന്‍സിന് പാതയൊരുക്കിയത്.

തന്റെ സുഹൃത്തുക്കളോടൊപ്പം കൃഷ്ണയുടെ തീരത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെങ്കിടേഷ് ആംബുലന്‍സ് കുടുങ്ങിയത് കാണുന്നത്. ഡ്രൈവര്‍ റോഡ് കണ്ടെത്താന്‍ പാടുപെടുന്നതിനിടയില്‍ വെങ്കിടേഷ് എത്തി അവനെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.