മരുന്നുകൾക്ക് വില കൂട്ടാൻ കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി, 50 ശതമാനം വരെ കൂട്ടാം, ആന്റിബയോട്ടിക്കുകളുടെ വില കുത്തനെ ഉയരും

അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെ വർധിപ്പിക്കുന്നതിന് കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി. ആന്‍റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കുമെതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്സിന്‍, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ 21 മരുന്നുകള്‍ക്കാണ് വില വര്‍ധിപ്പിക്കാന്‍ എന്‍പിപിഎ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി [ എൻ പി പി എ] അനുമതി നല്‍കിയത്. ആദ്യമായാണ് ഒറ്റയടിക്ക് 50 ശതമാനം വില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ നടപ്പാകും. കൂടുതൽ മരുന്നുകൾ വിപണിയിൽ എത്തുന്നതിന് വേണ്ടിയാണ് വില ഉയർത്തുന്നതെന്നാണ് വിശദീകരണം.
മരുന്നുകളുടെ വില കൂട്ടണമെന്ന് രണ്ടു വർഷമായി കമ്പനികൾ ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില വർധനയാണ് ഇതിനു ന്യായീകരണമായി കമ്പനികൾ പറയുന്നത്.
വില കുറവായതിനാൽ പല മരുന്നുകളുടെയും ഉത്പാദനം കമ്പനികൾ നിർത്തി വച്ചിരുന്നു. ഇത് മരുന്നുകളുടെ ദൗർലഭ്യത്തിന് വഴിയൊരുക്കി. ഇത് ഒഴിവാക്കുന്നതിനാണ് വില കൂട്ടാൻ അനുമതി നൽകിയതെന്ന് എൻ പി പി എ നൽകുന്ന വിശദീകരണം.