ക്ഷേത്രങ്ങൾക്ക് മുമ്പിൽ മാംസം വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുമ്പിൽ മാംസം വലിച്ചെറിഞ്ഞതിന് 48- കാരനെ കോയമ്പത്തൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കാവുണ്ടമ്പാളയത്തിലെ എസ് ഹരി രാംപ്രകാശ് (48) ആണ് അറസ്റ്റിലായത്.

സിവിൽ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം തൊഴിൽരഹിതനായിരുന്നു. ഹരി മാനസികമായി അസ്വസ്ഥനാണെന്ന് തോന്നുന്നുവെന്നും അധികൃതർ പറഞ്ഞു. എന്നിരുന്നാലും, ഇദ്ദേഹത്തിന് മാനസിക അസ്വസ്ഥത ഉണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നുമില്ല.

ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു. 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളർത്തുന്നത്) 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുമിത് ശരൺ പറഞ്ഞു.

Read more

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.