'ഇഷ്ടപ്പെട്ട ചാനലുകാരേയും അവതാരകരേയും തിരഞ്ഞെടുത്തു കൊള്ളൂ, സംവാദത്തിന് തയ്യാർ'; അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് മായാവതിയും അഖിലേഷ് യാദവും

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത്.

“വിവാദ സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ നിയമത്തിൽ സംവാദത്തിനുള്ള കേന്ദ്രസർക്കാരിന്റെ വെല്ലുവിളി സ്വീകരിക്കാൻ ബി.എസ്.പി തയ്യാറാണ്. രാജ്യമെങ്ങും വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളുമാണ് പ്രക്ഷോഭത്തിന്റെ മുന്നിൽ നിൽക്കുന്നത്. ഈ വിഷയത്തിൽ ഏത് സ്ഥലത്തുവെച്ചും സംവാദത്തിന് തയ്യാറാണ്.”-മായാവതി ട്വീറ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മായാവതിയും അഖിലേഷ് യാദവും എത്തിയിരിക്കുന്നത്.

സംവാദത്തിന് ക്ഷണിച്ച സ്ഥിതിക്ക് സ്ഥലം തീരുമാനിച്ചു കൊള്ളൂവെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരിക്കുന്നത്.

“സംവാദം നടത്താൻ തീരുമാനിച്ച സ്ഥിതിക്ക് സ്ഥലം നിശ്ചയിച്ചു കൊള്ളൂ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചാനലുകാരേയും അവതാരകരേയും തിരഞ്ഞെടുത്തു കൊള്ളൂ. ഒരു സംവാദത്തിൻ ഞങ്ങൾ തയ്യാറാണ്. ബി.ജെ.പി മതത്തിന്റെ പേരിൽ വിവേചനം കാണിക്കുകയാണ്. എന്റെ പാർട്ടി മാത്രമല്ല, രാജ്യത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ എല്ലാവരും ഈ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ ബി.ജെ.പി ജനങ്ങൾക്ക് പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നിയമത്തിനെതിരെ സ്ത്രീകളും യുവാക്കളും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ നന്മ ലക്ഷ്യം വെച്ചുള്ളതല്ല ഈ നിയമം, ഇത് ജനങ്ങൾ അംഗീകരിക്കില്ല.”-അഖിലേഷ് യാദവ് പറഞ്ഞു.

Read more

അതേസമയം, സി.എ.എയ്‌ക്കെതിരെ കാര്യമായ പ്രതിഷേധം നടത്താത്ത മായാവതിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. സി.എ.എയ്‌ക്കെതിരെ പ്രതിഷേധവുമായി വീട്ടിൽ നിന്നു പുറത്തിറങ്ങുക പോലും ചെയ്യാത്തവരെയാണ് അമിത്ഷാ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത് എന്നായിരുന്നു മായാവതിക്കെതിരെ പ്രിയങ്കയുടെ വിമർശനം. അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുക്കേണ്ടവർ മറ്റു സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും യു.പിയിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു.