'ബേട്ടി ബച്ചാവോ'; സ്തീകള്‍ക്ക് എതിരായ അതിക്രമ കേസുകള്‍ 2017-ല്‍ മൂന്നര ലക്ഷം, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മാത്രം 56,011 കേസുകള്‍

രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ ദേശീയ ക്രൈം ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ടു. 2017-ല്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളുടെ വിവരമാണ് തിങ്കളാഴ്ച പുറത്ത് വിട്ടത്.

3,59,849 കേസുകളാണ് 2017-ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 56,011 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 31979 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയും, 30,002 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചിമ ബംഗാളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 453 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കേന്ദ്രഭരണ പ്രദേശം.

അരുണാചല്‍പ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കീം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് രാജ്യത്ത് നടക്കുന്നതിന്റെ 1 ശതമാനത്തില്‍ താഴെയാണ്. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മൂന്നക്ക സംഖ്യയില്‍ ഒതുങ്ങി നില്‍ക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡല്‍ഹിയിലെ ക്രൈം റേറ്റ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് പറയുന്നു.

3,59,849 കേസുകളില്‍ 27.9 ശതമാനവും ഭര്‍തൃപീഡന പരാതികളാണ്. ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ലൈംഗികാക്രമണകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു. 2015-ല്‍ 3.2 ലക്ഷത്തിലധികം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും 2016 ല്‍ 3,38,954 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.