ഒരേ തരം ഉത്തരം, ഒരേ തരം തെറ്റുകള്‍, 959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കണ്ട് അദ്ധ്യാപകര്‍ ഞെട്ടി! 

ഗുജറാത്തില്‍ 959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ ഒരേ ഉത്തരങ്ങളും ഒരേ തെറ്റുകളും. പ്ലസ്ടു പൊതു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളിലാണ് കോപ്പിയടി നടന്നതായി കണ്ടെത്തിയത്.

അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, എന്നീ വിഷയങ്ങളിലാണ് പകര്‍ത്തിയെഴുത്തുണ്ടായത്. ഗുജറാത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണിതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

“പെണ്‍കുട്ടി കുടുംബത്തിന്റെ കത്തിച്ചു വെച്ച നിലവിളക്കെന്ന” വിഷയത്തില്‍ 200 കുട്ടികള്‍ ഒരേ ലേഖനമാണ് എഴുതിയത്.

2020 വരെ ഈ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഇത്രയും വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ തോല്‍പ്പിക്കപ്പെടുമെന്നും ബോര്‍ഡ് അറിയിച്ചു. ഏതൊക്കെ പരീക്ഷാകേന്ദ്രങ്ങളില്‍ ഇരുന്ന വിദ്യാര്‍ത്ഥികളാണ് കോപ്പിയടിച്ചതെന്ന് ബോര്‍ഡ് പരിശോധിച്ചു വരികയാണ്. ജുനാഗഡ്, ഗിര്‍ സോംനാഥ് ജില്ലകളിലാണ് ക്രമക്കേട് നടന്ന പരീക്ഷാകേന്ദ്രങ്ങളിലേറെയും.