'കേരളത്തിന്റെ നിലപാട് ഞെട്ടിക്കുന്നത്, സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിന് മനസില്ല' ; മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ ശാസന

മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നു സുപ്രീംകോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി പറഞ്ഞു. അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക 4 ഫ്‌ളാറ്റുകളിലെ 343 കുടുംബങ്ങളിലെ അംഗങ്ങളാവും.  ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ഫ്‌ളാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമർശനമുയർത്തി. കേസിൽ വിശദമായ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാണ്. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ശകാരം.

സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, വെങ്കിട്ട രമണി എന്നിവരാണ് ഹാജരാകുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ ഹാജരായി. ഹരീഷ് സാൽവെയുടെ നിർദേശപ്രകാരമാണ് നടപടി. കോടതിയിൽ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ടോം ജോസ് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാല്‍ കോടതിയിൽ ഹാജരാകാൻ ഞായറാഴ്ച രാത്രി തന്നെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു.

കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ലാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.

“”ഈ ഫ്ലാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല””, എന്ന് ജസ്റ്റിസ് അരുൺ മിശ്ര.

ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ  ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.

പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജിയും ഇന്നു കോടതിയുടെ മുന്‍പാകെയെത്തും. ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്‍പിലെത്തുന്നത്.