ഉപ്പു ഫാക്ടറിയുടെ ചുമർ ഇടിഞ്ഞ് 12 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു , സംഭവം ​ഗുജറാത്തിൽ

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് കുട്ടികളടക്കം 12 പേർ മരിച്ചു. മോർബിയിലെ സാഗർ ഉപ്പ് ഫാക്ടറിയിലാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.

ചാക്കുകളിൽ ഉപ്പ് നിറക്കുന്നതിനിടെ ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികൾക്കു മേൽ വീഴുകയായിരുന്നു. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് നിരവധി തൊഴിലാളികൾ കുടുങ്ങികിടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ ധനസഹായം നൽകും.