ഐ.കെ ഗുജ്‌റാലിന്റെ ഉപദേശം കേട്ടിരുന്നെങ്കിൽ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മൻ‌മോഹൻ സിംഗ്

മുൻ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാലിന്റെ ഉപദേശപ്രകാരം രാജ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി നരസിംഹറാവു നേരത്തെ തന്നെ സൈന്യത്തെ വിളിച്ചിരുന്നെങ്കിൽ 1984 ലെ സിഖ് വിരുദ്ധ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മൻമോഹൻ സിംഗ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

1997-98 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്‌റാലിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി.

“1984 ലെ ദുഃഖകരമായ സംഭവം നടന്നപ്പോൾ, ദുഃഖകരമായ ആ സായാഹ്നത്തിൽ ഗുജ്‌റാൽ അന്നത്തെ ആഭ്യന്തരമന്ത്രി പി.വി നരസിംഹറാവുവിന്റെ അടുത്ത് ചെന്ന് സ്ഥിതി വളരെ ഗുരുതരമാണെന്നും സൈന്യത്തെ എത്രയും വേഗം വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹത്തോട് പറഞ്ഞു, ആ ഉപദേശം കേട്ടിരുന്നെങ്കിൽ 1984 ൽ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു, ”മൻ‌മോഹൻ സിംഗ് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 1984 ൽ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിന് ശേഷം ഉണ്ടായ കലാപത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. സിഖുകാരെ ലക്ഷ്യമിട്ട് ജനക്കൂട്ടത്തെ നയിച്ചെന്ന ആരോപണം നിരവധി കോൺഗ്രസ് നേതാക്കൾ നേരിട്ടു.

നരസിംഹറാവു 1991-96 ൽ കോൺഗ്രസ് സർക്കാരിന്റെ പ്രധാനമന്ത്രിയായി. അക്കാലത്ത് ധനമന്ത്രിയായിരുന്ന മൻ‌മോഹൻ സിംഗ് രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്നു.

1975-77 ലെ അടിയന്തരാവസ്ഥയ്ക്കുശേഷം ഗുജ്‌റാലുമായുള്ള ബന്ധം എങ്ങനെ വളർന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. “വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു അദ്ദേഹത്തിന് അടിയന്തരാവസ്ഥ കൈകാര്യം ചെയ്ത ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു തുടർന്ന് അദ്ദേഹത്തെ ആസൂത്രണ കമ്മീഷനിൽ സഹമന്ത്രിയാക്കി. അന്ന് ഞാൻ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു … അതിനുശേഷം ഞങ്ങളുടെ ബന്ധം വളർന്നു, ” മൻമോഹൻ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ 1975 ജൂണിൽ ഐ.കെ ഗുജ്‌റാൽ വാർത്താ പ്രക്ഷേപണ മന്ത്രിയായിരുന്നു. മൗലികാവകാശങ്ങൾ കർശനമായി നിയന്ത്രിക്കുകയും നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്ത കാലഘട്ടമായിരുന്നു ഇത്. അക്കാലത്ത് കോൺഗ്രസ് സർക്കാർ ഉത്തരവിട്ടതനുസരിച്ച് മാധ്യമങ്ങൾ സെൻസർ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് 1976 മുതൽ 1980 വരെ അദ്ദേഹത്തെ പഴയ സോവിയറ്റ് യൂണിയന്റെ അംബാസഡറാക്കി. ഒരു വർഷത്തോളം പ്രധാനമന്ത്രിയായിരുന്ന ഗുജ്‌റാൽ, ഇന്ത്യയുടെ അയൽക്കാരുമായി നല്ല ബന്ധം പുലർത്തുന്നതിനായി അഞ്ച് തത്ത്വങ്ങളുടെ “ഗുജ്‌റാൾ പ്രമാണം” അവതരിപ്പിച്ചു. 2012 ൽ 92ആം വയസിൽ അദ്ദേഹം അന്തരിച്ചു.

1998 ൽ ഐ.കെ ഗുജ്‌റാലിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ നിന്ന് പിന്തുണ പിൻവലിക്കാനുള്ള അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ ചടങ്ങിൽ സംസാരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കിൽ ബി.ജെ.പി സർക്കാരിനെ മാറ്റിനിർത്തുമായിരുന്നു, പ്രണബ് മുഖർജി പറഞ്ഞു.