മകനെ സ്കൂളിലയക്കാന്‍ കുന്ന് വെട്ടി റോഡ് നിര്‍മാണം, ഒഡീഷയില്‍ മറ്റൊരു 'മാഞ്ചി'

ബിഹാറില്‍ മാഞ്ചി 22 വര്‍ഷംകൊണ്ട് മലയിലൂടെ 360 അടി നീളത്തില്‍ റോഡ് പണിതത് പോലെ മകനെ സ്‌കൂളിലേക്ക് അയക്കാന്‍ ഒറ്റയ്ക്ക് 15 കിലോമീറ്റര്‍ നീളത്തില്‍ കുന്നിലൂടെ വഴി വെട്ടി ഒഡീഷ സ്വദേശി ജലന്ധര്‍ നായിക്.
ഗ്രാമത്തെയും പ്രധാന റോഡിനെയും ബന്ധപ്പെടുത്തിയാല്‍ മാത്രമെ മകന് സ്‌കൂളില്‍ പോകാനാവു.വഴിയില്ലാത്തതിനാല്‍ മക്കള്‍ക്ക് പഠനം കിട്ടാക്കനിയാവുമെന്ന് വന്നപ്പോഴാണ് നായിക് സാഹസത്തിന് മുതിര്ന്നത്.
അതിനായി ദിവസവും എട്ട് മണിക്കൂര്‍ വഴി വെട്ടാന്‍ മാറ്റി വെച്ചു.ഒഡീഷയിലെ ഗുംസാഹി ഗ്രാമത്തില്‍ നിന്ന് ഫുല്‍ബാനി പട്ടണത്തിലേക്കെത്താനാണ് ജലന്ധര്‍ നായിക് ഒറ്റയ്ക്ക് അധ്വാനിച്ചത്.
പച്ചക്കറി വില്‍പ്പന നടത്തുന്ന ജലന്ധറിന് സ്‌കൂള്‍ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചിട്ടില്ല. തന്റെ മക്കള്‍ കുന്ന് കടന്ന് പട്ടണത്തിലെത്താന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് റോഡ് നിര്‍മിക്കണമെന്ന് തോന്നിയതെന്ന് ജലന്ധര്‍ നായിക് പറയുന്നു.

ജലന്ധറിന്റെ അധ്വാനവും പ്രയത്‌നവും പ്രത്യേക ആദരവ് അര്‍ഹിക്കുന്നതാണെന്ന് ജില്ലാ ഭ
രണാധികാരികള്‍ അഭിപ്രായപ്പെട്ടു. ജലന്ധര്‍ വഴിവെട്ടാനെടുത്ത തൊഴില്‍ ദിനങ്ങളെ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിലുള്‍പ്പെടുത്തി തക്കതായ പ്രതിഫലം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇദ്ദേഹത്തിന്റെ പ്രയത്‌നത്തെക്കുറിച്ച് പ്രാദേശിക ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ച കളക്ടര്‍ ഓഫിസിലേക്ക് വിളിച്ച് വരുത്തി അഭിനന്ദനവും പിന്‍തുണയുമറിയിച്ചതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമത്തിലെ റോഡ് നിര്‍മാണം നടത്താനുള്ള നടപടികളെടുക്കുമെന്ന് കളക്ടര്‍ ജലന്ധറിന് ഉറപ്പ് നല്‍കി.