ഉപതിരഞ്ഞെടുപ്പ്: ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ വിജയിച്ചു

ത്രിപുര നിയമസഭാ ഉപതിരഞ്ഞടുപ്പിൽ മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ നിന്ന് 17,181 വോട്ടുകൾ നേടിയാണ് സാഹ വിജയിച്ചത്. യു.പിയിലെ രാംപൂർ ലോക്സഭ മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി മുഹമ്മദ്‌ അസിം രാജും അസംഗഡിൽ ബി ജെ പി സ്ഥാനാർഥി ദിനേഷ് ലാൽ യാദവും പഞ്ചാബിലെ സംങ്റൂരിൽ ശിരോമണി അകാലിദൽ സ്ഥാനാർഥി സിമ്രൻജിത് സിങ്ങും മുന്നിലാണ്.

മുഖ്യമന്ത്രിയായി തുടരാൻ മണിക് സാഹയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ആവശ്യമായിരുന്നു. ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി ഒരു മത്സരം നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിപ്ലവ് കുമാറിനെ മാറ്റിയ ശേഷം രാജ്യസഭാംഗമായിരുന്ന മാണിക്ക് സാഹയെയാണ് ബി.ജെ.പി നിയോഗിച്ചത്.

ത്രിപുര നിയമ സഭാ അംഗമല്ലാതിരുന്ന മാണിക്ക് സാഹയ്ക്ക് ഇന്ന് ജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി പദവിയിൽ തുടരാൻ കഴിയൂ. പഞ്ചാബിൽ മുഖ്യമന്ത്രിയായതോടെ ഭഗവന്ത് മാൻ രാജിവച്ച സാങ്റൂർ ലോക്‌സഭാ മണ്ഡലത്തിലെ ഫലവും ഇന്നാണ്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നേതാവ് അസംഖാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജി വെച്ചതോടെയാണ് ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ മണ്ഡലങ്ങളിൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭഗവന്ത് മാൻ രാജിവെച്ചതിനെ തുടർന്നാണ് പഞ്ചാബിലെ സംഗ്രൂരിൽ ഒഴിവ് വന്നത്.