കാമുകനോടൊപ്പം പോകണമെന്ന് ഭാര്യ, പകരം ആടുകളെ തന്നാല്‍ സമ്മതമെന്ന് ഭര്‍ത്താവ്; ഒടുവില്‍ മോഷണക്കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍!

നഷ്ടപരിഹാരമായി ആടുകളെ വാങ്ങി, ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച ഭര്‍ത്താവ് ഒടുവില്‍ മോഷണക്കുറ്റത്തിന് അറസ്റ്റില്‍. ഭാര്യയുടെ കാമുകന്റെ പിതാവാണ് ആടുകളെ മോഷ്ടിച്ചെന്ന് കാണിച്ച് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്നറിഞ്ഞ ഭര്‍ത്താവ് ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ പരാതിയുമായെത്തി. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം മടുത്തുവെന്നും തനിക്ക് കാമുകനായ ഉമേഷിനൊപ്പം പോയാല്‍ മതിയെന്നും ഭാര്യ തീര്‍ത്തു പറഞ്ഞു. അങ്ങനെയാണ് പഞ്ചായത്ത് ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടു വെച്ചത്. കാമുകന് ആകെയുള്ള ആടുകളില്‍ പകുതി ഭര്‍ത്താവിന് നല്‍കണം. അതായത് 71 ആടുകളെ നല്‍കണം. അങ്ങനെയെങ്കില്‍ ഭാര്യയെ കാമുകനോടൊപ്പം അയയ്ക്കാമെന്ന് രാജേഷും സമ്മതിച്ചു.

പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ആടുകളെ വാങ്ങി ഭാര്യയെ രാജേഷ് കാമുകന് കൈമാറി. അതോടെ കാര്യങ്ങളെല്ലാം സമാധാനപരമായി അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ കാമുകനായ ഉമേഷിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തി. രാജേഷ് 71 ആടുകളെ മോഷ്ടിച്ചെന്നായിരുന്നു പരാതി. പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി രാജേഷിനെ അറസ്റ്റ് ചെയ്യുകയും 71 ആടുകളെയും ഉമേഷിന്റെ പിതാവ് തിരികെ കൊണ്ടു പോവുകയും ചെയ്തു. രാജേഷിനെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

അതേസമയം, ഭാര്യയും കാമുകനും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും ഭാര്യയെ തട്ടിയെടുത്ത ശേഷം തന്നെ മോഷണക്കേസില്‍ കുടുക്കിയെന്നും രാജേഷ് ആരോപിച്ചു. കഥയിങ്ങനെ തുടരവെ എങ്ങനെയെങ്കിലും നിയമക്കുരുക്കില്‍നിന്ന് ഒഴിവാകാനുള്ള ശ്രമത്തിലാണ് രാജേഷ്.