കോവിഡ്-19 ഉണ്ടെന്ന് സംശയിക്കുന്നയാൾ ഡൽഹി എയിംസിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡൽഹി എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച 37 വയസുകാരൻ ശനിയാഴ്ച രാത്രി ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി. ആത്മഹത്യാ ശ്രമത്തിൽ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടു.

കാല് ഒടിഞ്ഞ നിലയിലാണ് രോഗി രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൊറോണ വൈറസ് പരിശോധന ഫലങ്ങൾഇനിയും ലഭ്യമായിട്ടില്ല.

എയിംസ് ജയ് പ്രകാശ് നാരായണൻ അപെക്സ് ട്രോമ സെന്ററിൽ ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഡൽഹിയിലെ ഐപി എസ്റ്റേറ്റ് ഏരിയയിലെ മാതാ സുന്ദരി റോഡിലെ താമസക്കാരനാണ് ഇയാൾ. മാർച്ച് 31 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച രാത്രി ഇദ്ദേഹം കെട്ടിടത്തിൽ നിന്ന് ചാടി താഴെ ടിൻ മേൽക്കൂരയിൽ വന്ന് പതിച്ച് നിലത്തു വീണു. കുറഞ്ഞ ആഘാതം ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു.

കൊറോണ വൈറസ് സംശയത്തെ തുടർന്ന് സമ്പർക്ക വിലക്കേർപ്പെടുത്തിയ നിരവധി ആളുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.

നേരത്തെ വിദേശത്ത് നിന്നും ഇന്ത്യയിലെത്തി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സമ്പർക്ക വിലക്കേർപ്പെടുത്തിയ ഒരു രോഗി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

കൊറോണ വൈറസ് ബാധിക്കുമെന്ന ഭയത്താൽ പ്രായമായ ദമ്പതികൾ വെള്ളിയാഴ്ച അമൃത്സറിൽ ആത്മഹത്യ ചെയ്തു.

Read more

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഒരു ആശുപത്രിയുടെ ഐസൊലേഷൻ വാർഡിൽ കൊറോണ വൈറസ് സംശയിക്കുന്ന ആൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് വന്ന പരിശോധനാ ഫലങ്ങൾ ഇദ്ദേഹത്തിന് കൊറോണ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു.