മോദിയുടെ പ്രീതി നേടാന്‍ മന്‍ കി ബാത് പ്രസംഗം ഉത്തരവാക്കി മന്ത്രാലയ ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി മാസം തോറും നടത്തി വരുന്ന റേഡിയോ പ്രഭാഷണ പരിപാടിയായ “മന്‍ കി ബാതി”ല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ഉത്തരവായി ഇറക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ്. സര്‍ക്കാരിന്റെ പരിപാടികളില്‍ പൂച്ചെണ്ടുകളും ബൊക്കേകളും ഒഴിവാക്കി പകരം പുസ്തകങ്ങളും ഖാദിതൂവാലകളും നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ജൂണ്‍ 25 ന് സംപ്രേഷണം ചെയ്ത മന്‍ കി ബാതില്‍ മോദി പറഞ്ഞിരുന്നു.

ഇതിന്റ ചുവടു പിടിച്ചാണ് മന്ത്രാലയം കീഴുദ്യേഗസ്ഥന്‍മാര്‍ക്ക്് ഇത് ഉത്തരവായി നല്‍കിയത്. ഡിപ്പാര്‍ട്ട്മെന്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഓഫീസറോ മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ വിശിഷ്ട വ്യക്തികള്‍ക്കോ പൂച്ചെണ്ടോ പൂക്കളാല്‍ അലങ്കൃതമായ എന്തെങ്കിലുമോ കൈമാറരുതെന്നാണ് അണ്ടര്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനമോ ക്യാബിനറ്റ് തീരുമാനമോ കോടതി വിധിയോ ഉത്തരവായി ഇറങ്ങാറുണ്ടെങ്കിലും ഏതെങ്കിലും നേതാവിന്റേയോ മന്ത്രിയുടേയോ റേഡിയോ പ്രഭാഷണശകലങ്ങള്‍ ഉത്തരവായി ഒരു മന്ത്രാലയത്തില്‍ ഇറക്കുന്നത് അപൂര്‍വ്വമാണ്.

സര്‍ക്കാര്‍ ചടങ്ങുകളില്‍ ബഹുമാന സൂചകമായി പൂക്കളാല്‍ തീര്‍ത്ത ബൊക്കെ നല്‍കുന്നത് പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ്. പൂക്കള്‍ നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായും പുസ്തകവായന വര്‍ധിപ്പിക്കാനും തളര്‍ന്ന് കിടക്കുന്ന ഖാദിമേഖലയെ ആശ്വസിപ്പിക്കാനും പ്രധാനമന്ത്രി ഇങ്ങനെ ഒരു നിര്‍ദ്ദേശ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. കേരളത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ വായനദിനത്തോടനുബനന്ധിച്ച് പുസ്തകം സമ്മാനമായി ലഭിച്ചതോടെയാണ് പ്രധാനമന്ത്രിക്ക് ഇങ്ങനെ ഒരു ആശയം ലഭിച്ചത്. ശശി തരൂര്‍ എം.പി അന്ന് പ്രധാനമന്ത്രിയെ പ്രശംസിച്ച് ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു.