കോടികള്‍ വിലമതിക്കുന്ന കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍; വിദേശികള്‍ക്ക് ലൈംഗികോത്തേജന മരുന്നിന് ഇവ പ്രിയം

ഉണക്കിയ കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാഴാഴ്ചയാണ് യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തത്. പേര് വിവരങ്ങള്‍ അന്വേഷണ സംഘം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി എത്തിയ ഇയാളെ വിമാനത്താവള അധികൃതര്‍ തടഞ്ഞു വെയ്ക്കുയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചപ്പോഴാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്. ആദ്യം യുവാവ് താനൊരു മധ്യവര്‍ത്തി മാത്രമാണെന്ന് പറഞ്ഞെങ്കിലും ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തു. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ് ലാന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കോടികളാണ് വിദേശ മാര്‍ക്കറ്റില്‍ ഇവയുടെ വില.