'ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു'; ആഞ്ഞടിച്ച് മമതാ ബാനര്‍ജി

കര്‍ണാടകത്തിലേതിന് സമാനമായി  ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പിയുടെ കെണിയില്‍ വീഴരുതെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“” കര്‍ണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണ്. അവര്‍ നിങ്ങളെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കും. കാരണം അവര്‍ വിശ്വസിക്കുന്നത് അതിലാണ്. എല്ലാവരോടും ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ ഒരു പ്രതിജ്ഞയെടുക്കണം. നമ്മള്‍ ആരുടെ പക്കല്‍ നിന്നും പണം സ്വീകരിക്കില്ല, കുതിരക്കച്ചവടത്തെ നമ്മള്‍ എതിര്‍ക്കും. ഇത് നമ്മള്‍ അവസാനിപ്പിച്ചിരിക്കും. ഈ പ്രതിജ്ഞയായിരിക്കണം ഓരോരുത്തരും മുറുകെ പിടിക്കേണ്ടത്”” മമത പറഞ്ഞു.

പിടിച്ചെടുത്ത കള്ളപ്പള്ളം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിക്കെതിരെ ജൂലൈ 26 ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ വിശ്വാസമുള്ളവര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കലാപങ്ങള്‍ ഉണ്ടാക്കരുതെന്നും മമത ബാനര്‍ജി പറഞ്ഞു.വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു മുസ്ലീം വോട്ടര്‍മാരോടായി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മമത സംസാരം തുടങ്ങിയത്.

“” ഹിന്ദു സഹോദരീ സഹോദരന്‍മാരേ,, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണം. മുസ്ലീം സഹോദരങ്ങളേ.. നിങ്ങളും ഞങ്ങളെ വിശ്വസിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ നമ്മള്‍ യാതൊരു വിധ കലാപങ്ങളും ഇവിടെ ഉണ്ടാക്കരുത്. എല്ലാം മറക്കണം…ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ സാധിക്കണം.. ക്രിസ്തുമത, ബുദ്ധമത വിശ്വാസികളേ. ആരും ഭയപ്പെടേണ്ടതില്ല നിങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, സര്‍ക്കാരുണ്ട്- മമത പറഞ്ഞു.