'ഇത് രണ്ടാം സ്വാതന്ത്ര്യ സമരം'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്ന ബി.ജെ.പി സര്‍ക്കാരിന് മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായ ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മള്‍ എന്തായാലും പോരാടും, എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്പ്പോയും നമ്മള്‍ വഴി കാണിച്ചുനല്‍കി. ഇനിയും അത് ചെയ്യണം. മുന്നില്‍നിന്ന് നയിക്കണമെന്ന് മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ മമത പറഞ്ഞു.

ബി.ജെ.പി നടപ്പിലാക്കുന്ന പൗരത്വം മതത്തിന്റെയും മറ്റുള്ളതിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കലാണ്. ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പൗരത്വം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ അത് അംഗീകരിക്കും. ജനങ്ങളെ വേര്‍തിരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ അവസാനം വരെ അതിനെ എതിര്‍ക്കുമെന്നും മമത വ്യക്തമാക്കി.

Read more

പൗരത്വ ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകളുണ്ടാക്കി സാമ്പത്തിക തകര്‍ച്ച ഉള്‍പ്പെടെയുള്ള രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും മമത ബാനര്‍ജി പറഞ്ഞു.