"നിങ്ങൾക്ക് എന്നെ ജയിലില്‍ അടയ്ക്കാം പക്ഷെ...": ബി.ജെ.പി സർക്കാരിനെ വെല്ലുവിളിച്ച് മമത ബാനർജി

ഇടതുമുന്നണിയുമായുള്ള ആജീവനാന്ത രാഷ്ട്രീയ പോരാട്ടത്തിന് പ്രസിദ്ധയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് പക്ഷെ ബി.ജെ.പിയെ നിശിതമായി വിമർശിക്കാൻ കാൾ മാർക്സിൽ നിന്ന് ഒരു വാക്യം കടമെടുത്തു. “നിങ്ങൾക്ക് (ബിജെപി) മതത്തിന്റെ കറുപ്പ് നൽകി ജനങ്ങളെ മയക്കാൻ കഴിയില്ല,” ബംഗാളിലെ 35 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി കാൾ മാർക്സിൽ നിന്നും പ്രചോദിതയായി പ്രഖ്യാപിച്ചു.

രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞ മമത ബാനർജി ഒരു തിരഞ്ഞെടുപ്പ് ഒരു പാർട്ടി ഭരണം എന്ന നില രാജ്യത്ത് ഉടൻ നടപ്പിലാക്കാൻ പോവുകയാണെന്നും മുന്നറിയിപ്പ് നൽകി.

കർണാടക സർക്കാർ വീണു. ആർക്കും ഒരു വാക്കുപോലും പറയാൻ കഴിയില്ല. കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയോ പണം ഉപയോഗിച്ച് വാങ്ങുകയോ ചെയ്യുന്നു. കേന്ദ്രത്തിന്റെ നയങ്ങളെയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെയും ഞങ്ങൾ എതിർക്കുന്നതിനാൽ ഇനി ബംഗാളിനെ ആണ് കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ബംഗാൾ അത്ര വില കുറഞ്ഞ സംസ്ഥാനമല്ല. പോരാടുന്നവരാണ് ബംഗാളികൾ. കേന്ദ്രസർക്കാരിന് എന്നെ തടവിലാക്കാൻ കഴിയും, പക്ഷേ ഞാൻ ബി.ജെ.പിയുടെ മുമ്പിൽ തലകുനിക്കില്ല കൊൽക്കത്തയിൽ ഇന്ന് നടന്ന വിദ്യാർത്ഥികളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു, അവര്‍.