അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ കാര്യങ്ങള്‍, മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണം; മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്രം 

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ മാരകാവസ്ഥ വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മാധ്യമമായ “ദ ഓസ്ട്രേലിയനെ”തിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമവും ആശുപത്രിയില്‍ അടിസ്ഥാന സൗകര്യത്തിന്‍റെ അപര്യാപ്തയും കൂടിയെന്നും ഇതിന് കാരണം നരേന്ദ്രമോദിയുടെ നയങ്ങളാണെന്നും ലേഖനത്തിലൂടെ തുറന്ന് പറഞ്ഞതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.

അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്. മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്‌ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ പ്രശംസിച്ച കോവിഡ് പ്രതിരോധത്തിന്‍റെ ഇന്ത്യന്‍ മാതൃകയെ പരിഹസിക്കുകയാണ് ലേഖനമെന്ന് കത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെടുത്ത നടപടികളും അക്കമിട്ട് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോദി ഇന്ത്യയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്‌ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

മോദിയുടെ അമിത ആത്മവിശ്വാസവും  അതിദേശീയാവാദവും വാക്‌സിന്‍ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കാതെ സാമ്പത്തികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും ലേഖനത്തില്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.

നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.