ഹിന്ദി ബെൽറ്റിൽ ബി.ജെ.പി, എം. പിമാരിൽ ഭൂരിപക്ഷവും ബ്രാഹ്മണരും രജപുത്രരും, വിജയികളിൽ 80 പേർ ഉയർന്ന ജാതിക്കാർ

പുതിയ ലോക്‌സഭയില്‍ ഹിന്ദി ഹൃദയഭൂമി എന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഭൂരിഭാഗവും മേല്‍ജാതിക്കാരെന്ന് പഠനം. ഇതില്‍ തന്നെ ബ്രാഹ്മണ, രജപുത്ര സമുദായങ്ങള്‍ക്കാണ് മേല്‍ക്കൈയെന്നും അശോക യൂണിവേഴ്‌സിറ്റിയിലെ ത്രിവേദി സെന്റര്‍ ശേഖരിച്ച കണക്കുകള്‍ വിശകലനം ചെയ്തു കൊണ്ട് ക്രിസ്‌റ്റോഫ് ജഫര്‍ലോട്ടും ഗില്ലെസ് വെര്‍ണിയേഴ്‌സും ചേര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ സവര്‍ണ ജാതിക്കാർക്ക് ലഭിച്ച മേല്‍ക്കൈ ഇത്തവണയും തുടരുകയാണെന്നും പഠനം പറയുന്നു.

ഹിന്ദി ഹൃദയഭൂമി എന്നും പശു ബെല്‍റ്റ് എന്നും അറിയപ്പെടുന്ന യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്. ജാതിഘടനകളുടെ പ്രത്യേകത കൊണ്ടും ലോക്‌സഭാ എം.പിമാരില്‍ പകുതിയും വരുന്നത് ഇവിടെ നിന്നാണ് എന്നതു കൊണ്ടുമാണ് ഈ മേഖല പഠനത്തിനായി തിരഞ്ഞെടുത്തതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.  ഹിന്ദി മേഖലയില്‍ ബിജെപി മത്സരിച്ച 199 സീറ്റുകളില്‍ 147 എണ്ണം ജനറല്‍ വിഭാഗത്തില്‍ വരുന്നതാണ്.  ബാക്കി എസ്.സി, എസ്.ടി വിഭാഗത്തില്‍ വരുന്നതും. ഈ 147 എണ്ണത്തില്‍ 88 സീറ്റുകളും ബിജെപി നല്‍കിയത് മേല്‍ജാതി വിഭാഗക്കാര്‍ക്കാണ്. ഇവരില്‍ 80 പേര്‍ വിജയിക്കുകയും ചെയ്തു.

ബ്രാഹ്മണ സമുദായത്തിന് വന്‍ മേല്‍ക്കൈ കിട്ടിയപ്പോള്‍ മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ സമുദായമായ രജപുത്ര സമുദായത്തിനും നല്ല പങ്കു ലഭിച്ചു. ബിഎസ്പി ദളിത് വിഭാഗമായ ജാദവരുടെ പാര്‍ട്ടിയും എസ്പി യാദവരുടെ പാര്‍ട്ടിയും എന്നറിയപ്പെടുന്നതുപോലെ ഈ മേഖലയില്‍ ബിജെപി ഇപ്പോള്‍ രജപുത്രരുടെ പാര്‍ട്ടിയാണ്. 2009ല്‍ 30 ശതമാനമുയിരുന്ന ബ്രാഹ്മണ സമുദായത്തിനുള്ള പ്രാതിനിധ്യം 2014 ആയപ്പോള്‍ 38.5 ആയി വര്‍ദ്ധിച്ചു. ഇതേ പ്രാതിനിധ്യം തന്നെ 2019-ലെ തിരഞ്ഞെടുപ്പിലും ബ്രാഹ്മണ സമുദായം നിലനിര്‍ത്തുന്നു. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള പ്രാതിനിധ്യമാണ് ബ്രാഹ്മര്‍ക്കുള്ളത് എന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ 2009ല്‍ 43 ശതമാനമുണ്ടായിരുന്ന രജപുത്രരുടെ പ്രാതിനിധ്യം 2019ലെത്തുമ്പോള്‍ 34 ശതമാനമായി കുറഞ്ഞു. എന്നാൽ മറ്റു സമുദായങ്ങളെ വച്ചു നോക്കിയാല്‍ ഈ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം കൂടുതലാണെന്ന് കാണാം. അതായത്, ഹിന്ദി ബെല്‍റ്റിലെ ആകെയുള്ള 199 ബിജെപി സീറ്റുകളില്‍ 37 സീറ്റുകള്‍ ബ്രാഹ്മണര്‍ക്കും 30 എണ്ണം രജപുത്രര്‍ക്കുമാണ്.

യാദവരുടെ പ്രാതിനിധ്യം 2009ല്‍ 29 ശതമാനമായിരുന്നെങ്കില്‍ 2019ല്‍ 16 ശതമാനമായി കുറഞ്ഞു. ഇതേ സമയത്ത് യാദവ, കുര്‍മി, കോറി, ലോധി, ഗുജ്ജാര്‍ ഇതര ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം 23 ശതമാനത്തില്‍ നിന്ന് 31 ആയി കൂടി. ആകെയുള്ള 199 സീറ്റില്‍ ബിജെപി യാദവര്‍ക്ക് നല്‍കിയത് കേവലം ഏഴു സീറ്റാണ്. ഇതില്‍ ആറെണ്ണവും ജയിച്ചു. കുര്‍മികള്‍ക്ക് എട്ടു സീറ്റുകള്‍ നല്‍കിയപ്പോള്‍ അതില്‍ ഏഴെണ്ണവും വിജയിച്ചിട്ടുണ്ട്.

ഇതുപോലെ തന്നെ ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കിയ 35 സീറ്റുകളില്‍ ജാദവ വിഭാഗത്തെ ബിജെപി ഏറ്റവും പിന്നിലേക്ക് തള്ളി. മൂന്നു സീറ്റുകള്‍ മാത്രമാണ് ഇത്തവണ അവര്‍ക്ക് നല്‍കിയത്. പാസി വിഭാഗത്തിന് അഞ്ചു സീറ്റുകള്‍ നല്‍കിയപ്പോള്‍ അതില്‍ നാലു പേരും വിജയിച്ചു. 10 വീതം സീറ്റുകളാണ് എസ്പിയും ബിഎസ്പിയും യാദവ, ജാദവ വിഭാഗങ്ങള്‍ക്ക് നല്‍കിയത്. മേല്‍ജാതിക്കാരെങ്കിലും ഇടത്തട്ടില്‍ നില്‍ക്കുന്ന ജാട്ടുകള്‍ക്ക് 2014ലെ അതേ പ്രാതിനിധ്യം ഇത്തവണയും ഉണ്ട്. അഞ്ചു വര്‍ഷം മുമ്പ് 15 സീറ്റുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 14 സീറ്റുകളാണ്. ബിജെപി സീറ്റ് ജാട്ടുകൾക്ക് നൽകിയ 14 സീറ്റുകളും അവർ വിജയിച്ചു.