സീ ടിവിക്കെതിരെ മഹുവ മൊയ്ത്രയുടെ അവകാശലംഘന നോട്ടീസ്, അനുമതി നിഷേധിച്ച് സ്പീക്കർ

ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ച് സീ ടി.വിയ്ക്കും എഡിറ്റര്‍ സുധീര്‍ ചൗധരിയ്ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അവകാശലംഘന നോട്ടീസ്. സ്പീക്കര്‍ ഓം ബിര്‍ള നോട്ടീസിന് അനുമതി നിഷേധിച്ചു.

ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗം കോപ്പിയടിച്ചതാണെന്ന മാധ്യമങ്ങളുടെ ആരോപണം മഹുവ തള്ളിയിരുന്നു. ആരോപണം തള്ളിയുള്ള ട്വീറ്റില്‍ സീ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അവര്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനു പുറമേ മൊയ്ത്രയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളിയുള്ള അമേരിക്കന്‍ കമന്റേറ്റര്‍ മാര്‍ട്ടിന്‍ ലോങ്മാന്റെ ട്വീറ്റും അവര്‍ ഷെയര്‍ ചെയ്തിരുന്നു. രാജ്യം ഫാസിസത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് അതിന്റെ ഏഴ് അടയാളങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു മഹുവയുടെ പ്രസംഗം. ഇത് കോപ്പിയടിച്ചതാണെന്നായിരുന്നു സംഘപരിവാര്‍ ആരോപണം. ഡൊണള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ ഫാസിസത്തിലേക്ക് മാറുന്നുവെന്ന് പറയാവുന്ന 12 അടയാളങ്ങള്‍ ഉണ്ട് എന്ന് ഒരു വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയില്‍ വന്നിരുന്നു. അതില്‍ നിന്ന് കോപ്പിയടിച്ചാണ് മഹുവ മൊയ്ത്ര പ്രസംഗിച്ചതെന്നാണ് ബി.ജെ.പി. ട്രോള്‍ ആര്‍മിയുടെ ആരോപണം. എന്നാല്‍ ഇതിന് മഹുവ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ മറുപടി നല്‍കിയിരുന്നു.

ബി.ജെപി. ട്രോള്‍ ആര്‍മിയും ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്ന ചില മാധ്യമങ്ങളുും ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. കോപ്പിയടി എന്നാല്‍ എവിടെ നിന്നാണ് ഇത് എന്ന് വ്യക്തമാക്കാതെ ഒരാള്‍ ചെയ്യുന്നതാണ്. എന്റെ സ്രോതസ്സ് ഫാസിസത്തിന്റെ 14 അടയാളങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ലോറന്‍സ് ഡബ്ലു. ബ്രിട്ട് നിരീക്ഷിച്ചതില്‍ നിന്നാണെന്ന് എന്റെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞാനതില്‍ നിന്ന് ഇന്ത്യയില്‍ പ്രസക്തമായ ഏഴ് അടയാളങ്ങള്‍ കണ്ടെത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്തത് എന്നായിരുന്നു മഹുവയുടെ പ്രതികരണം.

Read more

എന്റെ പ്രസംഗം എന്റെ ഹൃദയത്തില്‍ നിന്നാണ്. ഓരോ ഇന്ത്യക്കാരനും അത് അവരുടെ ഹൃദയത്തില്‍ നിന്നാണെന്ന് കരുതിയാണ് ആ പ്രസംഗം പങ്കുവെച്ചത്. ഞാന്‍ ആവര്‍ത്തിക്കുന്നു. നീയെന്നെ ബന്ധനസ്ഥനാക്കാന്‍ വന്നതാണ്, അതിന് നിന്റെ കൈയിലുള്ള ചങ്ങല തികയുമോ എന്ന് മഹുവ മൊയ്ത്ര ചോദിച്ചു. ജൂണ്‍ 25-നാണ് മഹുവ മൊയ്ത്ര തന്റെ ആദ്യ പ്രസംഗം ലോക്സഭയില്‍ നടത്തിയത്. പാര്‍ലിമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാഗ്ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.