"ബീഹാറി ഗുണ്ട" എന്ന് വിളിച്ച്‌ അധിക്ഷേപിച്ചതായി ബി.ജെ.പി, എം.പി; നിഷേധിച്ച്‌ മഹുവ മോയിത്ര

 

ഐ.ടി സംബന്ധിച്ച പാർലമെന്ററി സമിതി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയിത്ര തന്നെ “ബീഹാറി ഗുണ്ട (ബീഹാർ ഗുണ്ട)” എന്ന് വിളിച്ചുവെന്ന് ആരോപിച്ച് ബിജെപി എം.പി നിഷികാന്ത് ദുബെ. ഇന്ന് ലോക്സഭയിൽ ആരോപണം ഉന്നയിച്ച ദുബെ, തന്റെ ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നും പറഞ്ഞു.

അതേസമയം ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു യോഗത്തിന്റെ പേരിലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പറഞ്ഞ് മഹുവ മോയിത്ര ആരോപണം നിഷേധിച്ചു.

“ഈ സഭയിലെ എല്ലാ അംഗങ്ങളുടെയും ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു എം.പിയെന്ന നിലയിൽ ഇത് എന്റെ പതിമൂന്നാം വർഷമാണ്, ഇന്നലെ നടന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിൽ തൃണമൂൽ കോൺഗ്രസിലെ ഒരു സ്ത്രീ എന്നെ “ബീഹാറി ഗുണ്ട” എന്ന് വിളിച്ച്‌ അധിക്ഷേപിച്ചു, എന്റെ ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ആദ്യമായാണ്,” പെഗാസസ് ആരോപണം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശബ്ദമുയർത്തികൊണ്ട് ബിജെപി നേതാവ് പറഞ്ഞു.

“ഞങ്ങളുടെ തെറ്റ് എന്താണ്? ഈ രാജ്യത്ത് വികസനം കൊണ്ടുവരുന്നു എന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്. ഉത്തർപ്രദേശിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ ഹിന്ദി സംസാരിക്കുന്നവരെന്ന നിലയിൽ ഞങ്ങൾ തൊഴിലാളികളായി പ്രവർത്തിക്കുന്നു … ഞങ്ങൾ കഠിനാധ്വാനം ചെയ്തു. ഞങ്ങൾ ശ്രീരാമനിൽ നിന്ന് പാഠങ്ങൾ പഠിച്ചു,” നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

മഹുവ മോയിത്രയുടെ പേര് പരാമർശിക്കാതെയാണ് നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചത്. ബീഹറിന്റെ അഭിമാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം.പി സ്പീക്കർ ഓം ബിർളയോട് പരാതിപ്പെട്ടു.

“ഹിന്ദി സംസാരിക്കുന്ന എല്ലാവരോടും തൃണമൂൽ കോൺഗ്രസിന് അലർജിയുണ്ട്. അതിനാലാണ് അവർ എന്നെ ബീഹാറി ഗുണ്ട എന്ന് വിളിച്ചത്. ഇത് ബീഹാറിന്റെ അഭിമാനത്തിന് നേരെയുള്ള ആക്രമണമാണ് (മഹുവ മൊയ്‌ത്ര) ക്ഷമ ചോദിക്കണം, ” നിഷികാന്ത് ദുബെ ബുധനാഴ്ച പറഞ്ഞു.

“ബീഹാറി ഗുണ്ട എന്ന് വിളിച്ച് നിങ്ങളുടെ എംപി എന്നെ അധിക്ഷേപിച്ച രീതി, ഉത്തരേന്ത്യക്കാരോടും ഹിന്ദി സംസാരിക്കുന്നവരോടും ഉള്ള തൃണമൂൽ കോൺഗ്രസിന്റെ വിദ്വേഷം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടി.” തൃണമൂൽ മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ടാഗുചെയ്തുകൊണ്ട് നിഷികാന്ത് ദുബെ ഒരു ട്വീറ്റിൽ പറഞ്ഞു.

ഇതിന് മഹുവ മോയിത്ര ട്വിറ്ററിൽ പ്രതികരിച്ചു: “പേര് വിളിച്ചതായുള്ള ആരോപണം അൽപ്പം രസകരമായി തോന്നുന്നു. കാരണം ചില അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് കോറം തികയാതെ ഐടി യോഗം നടന്നില്ല. ഹാജരാകാത്ത ഒരു ഒരാളെ എങ്ങനെയാണ് ഞാൻ അധിക്ഷേപിക്കുക !! ഹാജർ ഷീറ്റ് പരിശോധിക്കുക!” മഹുവ മോയിത്ര പറഞ്ഞു.