ഗാന്ധിജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി; 'ഗാന്ധിജി ജാതിവെറിയനും വര്‍ണവെറിയനും'

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദളിത് എഴുത്തുകാരി. ഇന്തോ- അമേരിക്കന്‍ ദളിത് എഴുത്തുകാരിയായ സുജാത ഗില്‍ഡയാണ് ഗാന്ധിജിക്കെതിരെ പരാമര്‍ശങ്ങളുന്നയിച്ചിരിക്കുന്നത്.

ഗാന്ധിജി ജാതിവെറിയനും, വര്‍ണ്ണവെറിയനുമാണെന്ന് സുജാത ഗില്‍ഡ ആരോപിക്കുന്നു. തിങ്കളാഴ്ച നടന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥ നിലനിര്‍ത്തണമെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായും, സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതെന്നും ഗില്‍ഡ ആരോപിക്കുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ മോടിപിടിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തതെന്നും എഴുത്തുകാരി വിമര്‍ശിക്കുന്നു.

നിങ്ങള്‍ എന്തുകൊണ്ടാണ് ഗാന്ധിജി ഒരു ജാതിവിരുദ്ധനാണ് എന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഗാന്ധിജിക്ക് ഇവിടുത്തെ ജാതിവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് ചോദിച്ചാല്‍, രാജ്യത്തെ ഇസ്ലാംമതവിശ്വാസികള്‍ക്കുമേല്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം നേടാനായിരുന്നു അത്. മാത്രമല്ല, ബ്രിട്ടിഷ് സര്‍ക്കാരില്‍ മുസ്ലീംങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കണമെന്നുള്ളത് ഗാന്ധിജിയുടെ താത്പര്യമായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴത്തെ ഹിന്ദു നേതാക്കള്‍ ജാതിപ്രശ്‌നങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതന്നും ഗില്‍ഡ അഭിപ്രായപ്പെടുന്നു.

ആന്റ് എമംഗ് എലിഫന്റസ്; ആന്‍ അണ്‍ടച്ചബിള്‍ ഫാമിലി ആന്‍ഡ് ദ് മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന ഒറ്റ പുസ്തകത്തിലൂടെ പ്രശ്‌സ്തയായ വ്യക്തിയാണ് സുജാത ഗില്‍ഡ.

കൂടാതെ ഇന്ത്യയിലെ ഇപ്പോഴത്തെ ദളിത് നേതാക്കളായ ജിഗ്നേഷ് മേവാനിയെയും മായാവതിയെയും ഗില്‍ഡ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തുകാരി ആരോപിക്കുന്നു.